Thursday, 4 January 2018

സമാധാനത്തിന്റെ ഗൃഹം


തിരൂരങ്ങാടി യത്തീംഖാനയുടെ നന്മ നിറഞ്ഞ പ്രവർത്തനങ്ങളെക്കുറിച്ച്
  30-12-2017ലെ മാതൃഭൂമി മിഴിപേജിൽ പ്രസിദ്ധീകരിച്ച പ്രത്യേക ഫീച്ചർThursday, 24 August 2017


1921-ൽ തിരൂരങ്ങാടി കേന്ദ്രീകരിച്ചുണ്ടായ മലബാർ കലാപത്തിന്റെ 96-ാം വാർഷികത്തിൽ ബ്രിട്ടീഷുകാരുടെ തിരൂരങ്ങാടിയിലെ അന്നത്തെ ആസ്ഥാനമായിരുന്ന ഹജൂർ കച്ചേരിയെക്കുറിച്ച് 17-8-2017ന് മാതൃഭൂമിയിൽ വന്ന പ്രത്യേക റിപ്പോർട്ട്.പൂക്കിപ്പറമ്പ് വാളക്കുളത്തെ ആയിഷയും അവിടത്തെ കുറച്ച് പെൺകുട്ടികളും നേടിയെടുത്ത കായിക മികവിനെക്കുറിച്ച് മാതൃഭൂമിയിലെ മിഴി പേജിൽ 12-8-2017 ന് പ്രസിദ്ദീകരിച്ച പ്രത്യേക റിപ്പോർട്ട്.
Saturday, 22 April 2017
വരണ്‌ട മണ്ണ്‌,
കലങ്ങിയ കണ്ണുകള്‍
പടിയിറങ്ങിയ ചിരി
തിരിഞ്ഞുനടന്ന മരണം.

ഒടുക്കം,
നേർത്തൊരു കയറില്‍
ജീവിതം കെട്ടിയിട്ടു.
(പടം: വെഞ്ചാലി വയൽ)

ബിരിയാണിവെപ്പുകാരായ പരപ്പനങ്ങാടിയിലെ പണ്ടാരികളെക്കുറിച്ച് മാതൃഭൂമി മിഴി പേജിൽ വന്ന സ്‌പെഷ്യൽ റിപ്പോർട്ട് 18.2.2017

Sunday, 15 January 2017

അഡ്വ: മൊയ്തീൻ കുട്ടി ഹാജി എന്ന നമ്മുടെ വക്കീൽ ഹാജി
പാലത്തിങ്ങൽ പ്രദേശത്തിന്റെ ചരിത്രത്തിൽ ഏറെ പ്രധാന്യമുള്ള ധിഷണശാലിയായിരുന്നു മേലേവീട്ടിൽ മൊയ്തീൻ കുട്ടി ഹാജി എന്ന നാട്ടുകാരുടെ പ്രിയപ്പെട്ട വക്കീൽ ഹാജി.ചരിത്രം സംസാരിക്കുമ്പോൾ മാത്രം പറയേണ്ടുന്ന വ്യക്തി എന്നതിനപ്പുറം സമൂഹത്തിലെ നന്മകളിലും പുരോഗതിയിലും മാതൃകയാക്കേണ്ടുന്ന വ്യക്തിയുമാണ് അദ്ദേഹം.ആർക്കും നിഷേധിക്കാനാവാത്ത നിറസാന്നിധ്യവുമായിരുന്നു വക്കീൽ ഹാജി.

ഉറച്ച ആദർശ നിഷ്ഠയിൽ ജീവിച്ചിരുന്ന അദ്ദേഹം മുസ്ലിംലീഗ് രാഷ്ട്രീയത്തിലും കേരളത്തിലെ നവോത്ഥാന മുന്നേറ്റമായ മുജാഹിദ് ആദർശത്തിലും ഒരേസമയം ഉറച്ചുനിന്ന വ്യക്തിത്വമാണ്.കേരളീയ മുസ്ലിംരാഷ്ട്രീയ ചരിത്രവും മുസ്ലിം നവോത്ഥാനവും മായ്ച്ചുകളയാൻ ശ്രമിച്ചാലും മറന്നുകളയാൻ ആഹ്വാനം ചെയ്താലും രേഖപ്പെടുത്തപ്പെട്ട സത്യത്തിൽ മാറ്റം വരുത്താനാവില്ലെന്ന പക്ഷമാണ് പ്രചരിപ്പിക്കപ്പെടേണ്ടത്.എം.കെ.ഹാജിയും കെ.എം.മൗലവിയും നിലകൊണ്ട വഴിയിൽ അവരോടൊപ്പം നമ്മുടെ മണ്ണിലൂടെ അഭിമാനത്തോടെ തലയുയർത്തി നിൽക്കേണ്ടത് കാണിച്ചുതന്ന മഹാനാണ് വക്കീൽ ഹാജി.പാലത്തിങ്ങലിലെ മത-രാഷ്ട്രീയ-സാമൂഹ്യ-സാംസ്‌കാരിക-വികസന രംഗത്ത് ഇന്നിന്റെ സാഹചര്യത്തിലും മാതൃകയാക്കാൻ നാം മറക്കാതിരിക്കേണ്ടുന്ന വ്യക്തിത്വവുമാണ് മൊയ്തീൻ കുട്ടി ഹാജി.    മുജാഹിദ് പ്രസ്ഥാനത്തിന്റെ ആശയാദർശങ്ങൾ സമൂഹത്തിനിടയിൽ പ്രചരിപ്പിക്കുന്നതിന് പാലത്തിങ്ങലിൽ നേതൃത്വം കൊടുത്തത് വക്കീൽ ഹാജിയാണ്.പൗരോഹിത്യവും സാമ്പ്രദായിക വാഴ്ച്ചകളും ജനങ്ങളുടെ ചിന്തകളെയും വിശ്വാസങ്ങളെയും നിശ്ചയിക്കുകയോ മരവിപ്പിച്ചുനിർത്തുകയോ ചെയ്തിരുന്ന കാലമാണ് നമുക്കുള്ള ചരിത്രം.ഇത്തരം സാഹചര്യത്തെ ചോദ്യം ചെയ്തു കടന്നുവെന്ന നവോത്ഥാന മുന്നേറ്റങ്ങളെ തുടക്കത്തിലെ കുഴിച്ചുമൂടാൻ പദ്ധതിയിട്ട ചരിത്രം എല്ലാ നാട്ടിലുമുണ്ടായിരുന്നു.എന്നാൽ വക്കീൽ ഹാജിയെപ്പോലുള്ള സമുദായ സ്നേഹികൾ നിശ്ചയദാർഢ്യത്തോടെ നേതൃത്വം നൽകിയതോടെയാണ് പാലത്തിങ്ങലിൽ അക്കാലത്ത് തന്നെ മുജാഹിദ് ആശയപ്രചാരണത്തിന് വഴിതുറന്നത്.മസ്ജിദുൽ ഹിലാൽ എന്ന നാമകരണത്തിൽ പാലത്തിങ്ങലിൽ മുജാഹിദ് ജുമാമസ്ജിദ് സ്ഥാപിക്കുന്നതും വക്കീൽ ഹാജിയുടെ നേതൃത്വത്തിലുള്ള ശ്രമഫലമായാണ്.സ്ത്രീകൾക്ക് പള്ളിയിൽ പോയി നമസ്‌ക്കരിക്കുന്നതിനടക്കമുള്ള സൗകര്യങ്ങൾ നൽകുകയും പ്രബോധന രംഗം കൂടുതൽ സജീവമാവുകയും ചെയ്തു.അന്ധവിശ്വാസങ്ങളിലും അനാചാരങ്ങളിലും ശുദ്ധവിശ്വാസത്തെ കുഴിച്ചുമൂടിയിരുന്ന ജനതയെ ബോധവത്ക്കരിക്കുന്നതിന് നേതൃത്വം നൽകി.പൗരോഹിത്യ ആധിപത്യത്തിന്റെ രീതികളെ ചോദ്യം ചെയ്യുന്ന ആശയപ്രചാരണം സജീവമായതോടെ അദ്ദേഹത്തിനും സഹപ്രവർത്തകർക്കും കടുത്ത എതിർപ്പ് നേരിടേണ്ടിവന്നു എന്നത് സ്വാഭാവികം.

മുസ്ലിംകളുടെ സാമൂഹികവും രാഷ്ട്രീയവുമായ ഉന്നമനത്തിന് മുസ്ലിംലീഗ് ഉയർത്തുന്ന രാഷ്ട്രീയത്തിന് സാധിക്കുമെന്ന ബോധ്യത്താൽ ലീഗിലൂടെ ഹാജി നടത്തിയ വിപ്ലവവും പാലത്തിങ്ങലിൽ നിന്നും വ്യാപിച്ചു.അറുപത്-എഴുപത് കാലഘട്ടങ്ങളിൽ കേരള നിയമസഭയിൽ മലബാറിൽ നിന്നുള്ള ശക്തമായ സാന്നിധ്യമായിരുന്നു പാലത്തിങ്ങലിൽ നിന്നുള്ള അഡ്വ: എം.മൊയ്തീൻ കുട്ടി ഹാജി.അദ്ദേഹത്തിന്റെ നിയമസഭാ സാമാജിക കാലഘട്ടത്തിൽ അവതരിപ്പിക്കാറുള്ള ബില്ലുകൾ സെലക്ട് കമ്മറ്റിക്ക് അയക്കുമ്പോൾ സഭാധ്യക്ഷൻമാർ മൊയ്തീൻ കുട്ടി ഹാജിയെയും ചേർക്കാറുണ്ടായിരുന്നെന്ന് സമകാലികർ ഓർക്കുന്നു.പല വിഷയങ്ങളിലും നിയമവശങ്ങൾ വിശദമായി അവതരിപ്പിക്കാൻ അദ്ദേഹത്തിന് കഴിയുമായിരുന്നു.

  1952 മുതൽ മദ്രാസ് ലോ കോളേജിൽ പഠിക്കുന്ന കാലത്ത് രൂപീകൃതമായ മുസ്ലിം സ്റ്റുഡൻസ് അസോസിയേഷന്റെ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുകൊണ്ടാണ് മൊയ്തീകുട്ടി ഹാജി പൊതുപ്രവർത്തനത്തിൽ സജീവമായത്.

1960-ൽ പെരിന്തൽമണ്ണയിൽ നിന്ന് ആദ്യമായി നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും സി.പി.ഐ-ലെ ഇ.പി.ഗോപാലനോട് 4,527 വോട്ടിന് പരാജയപ്പെട്ടു.പിന്നീട്, 1965-ൽ നടന്ന തിരഞ്ഞടുപ്പിൽ കൊണ്ടോട്ടിയിൽ നിന്നാണ് ആദ്യമായി നിയമസഭയിലെത്തിയത്.കോൺഗ്രസിലെ എം.ഉസ്മാനെ 9,583 വോട്ടിനാണ് എം.മൊയ്തീൻ കുട്ടി ഹാജി പരാജയപ്പെടുത്തിയത്.1967-ൽ താനൂരിൽ നിന്ന് മത്സരിച്ച് രണ്ടാം തവണയും കേരള നിയമസഭയിലെത്തി.കോൺഗ്രസിലെ ടി.എ.കുട്ടിയെ 18,728 വോട്ടിനാണ് അന്ന് പരാജയപ്പെടുത്തിയത്.1970-ൽ മങ്കട മണ്ഡലത്തിൽ നിന്ന് സി.പി.എമ്മിലെ പാലൊളി മുഹമ്മദ് കുട്ടിയെ 6,341 വോട്ടിന് പരാജയപ്പെടുത്തിയും മൊയ്തീൻ കുട്ടി ഹാജി കേരള നിയമസഭയിൽ എത്തി.

1954-ൽ മലബാർ ജില്ലാ മുസ്ലിംലീഗിന്റെ സമ്മേളനം നടന്നത് പാലത്തിങ്ങലിലായിരുന്നു.മുസ്ലിംലീഗ് രാഷ്ട്രീയത്തിൽ ഏറെ പ്രാധാന്യമുള്ള ആ സമ്മേളനം പാലത്തിങ്ങലിൽ നടത്തുന്നതിന് ചുക്കാൻ പിടിച്ചത് എം.മൊയ്തീൻ കുട്ടി ഹാജിയായിരുന്നു.പാലത്തിങ്ങലിലെയും പരിസരങ്ങളിലെയും ജനങ്ങളുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന വക്കീൽ ഹാജി എല്ലാവരും കേൾക്കാൻ കൊതിച്ചിരുന്ന ഉപദേശകൻ കൂടിയായിരുന്നു.തനിക്ക് ലഭിച്ച ലോകപരിചയവും അറിവും നാട്ടുകാർക്ക് ഉപകരിക്കുന്ന തരത്തിൽ പ്രയോജനപ്പടുത്താനും അദ്ദേഹം സദാസന്നദ്ധനായിരുന്നു.വക്കീൽ ഹാജിയെക്കുറിച്ച് പറയുമ്പോൾ അന്നത്തെ യുവാക്കളും കുട്ടികളുമായിരുന്നവർ ഇന്നും വല്ലാത്തൊരു ആവേശത്തോടെയാണ് ഓർക്കുന്നത്.

മതവിശ്വാസത്തിൽ കണിശത പുലർത്തുകയും മതവിഷയങ്ങളിൽ അവഗാഹവും ഉണ്ടായിരുന്നു.പരിശുദ്ധ ഖുർആനിന്റെ വലിയൊരു ഭാഗവും അദ്ദേഹത്തിന് മന:പാഠമായിരുന്നു.നമസ്‌ക്കാരങ്ങൾക്ക് ഇമാമായി നിൽക്കാറുണ്ടായിരുന്ന വക്കീൽ ഹാജി മനോഹരമായി ഖുർആൻ പാരായണം ചെയ്യാറുണ്ടായിരുന്നെന്നും പ്രായമായവർ ഓർക്കുന്നു.
അക്കാലത്ത് ജനങ്ങൾ ഏറെ പരിഭ്രാന്തരായ സൂര്യഗ്രഹണം ഉണ്ടായപ്പോൾ പാലത്തിങ്ങലിൽ  ഗ്രഹണ നമസ്‌ക്കാരം നടന്നിരുന്നു.നമസ്‌ക്കാരത്തിന് നേതൃത്വം നൽകിയത്  വക്കീൽ ഹാജി ആയിരുന്നെന്ന് അന്ന് നമസ്‌ക്കാരത്തിൽ പങ്കെടുത്തവർ ഓർക്കുന്നുണ്ട്.

തിരൂരങ്ങാടി കേന്ദ്രീകരിച്ച് നടന്ന മത-വിദ്യാഭ്യാസ-സാംസ്‌കാരിക-രാഷ്ട്രീയ വിപ്ലവത്തിലും വക്കീൽ ഹാജിയുടെ സജീവ സാന്നിധ്യമുണ്ടായിരുന്നു.എം.കെ.ഹാജിയും കെ.എം.മൗലവിയും മുൻകയ്യെടുത്ത് തിരൂരങ്ങാടി യത്തീംഖാന സ്ഥാപിച്ചപ്പോൾ അവരോടൊപ്പം മുന്നിൽ നിന്ന് പ്രവർത്തിച്ചു.തിരൂരങ്ങാടി യത്തീംഖാന വൈ.പ്രസിഡന്റ്്,പി.എസ്.എം.ഒ.കോളേജ് മനേജിങ് കമ്മറ്റിയംഗം എന്നി നിലകളിലും പ്രവർത്തിച്ചു.കേരളത്തിലെ അനാഥാലയങ്ങളുടെ പ്രവർത്തനങ്ങളെ നിയന്ത്രിച്ചിരുന്ന ഓർഫനേജ് കൺട്രോൾ ബോർഡിലും അദ്ദേഹം സേവനത്തിലുണ്ടായിരുന്നു.

1983 സെപ്റ്റംബർ-6നായിരുന്നു വക്കീൽ ഹാജിയുടെ മരണം.ലളിതജീവിതവും കറപുരളാത്ത വ്യക്തിത്വവുമായ നവോത്ഥാന നായകനെയാണ് കേരളീയ സമൂഹത്തിനും വിശിഷ്യാ പാലത്തിങ്ങലുകാർക്കും അന്ന് നഷ്ടമായത്.ചരിത്രം ആവേശമാണ് എന്ന തിരിച്ചറിവ് തന്നെയാണ് ഞങ്ങൾ പാലത്തിങ്ങലിലെ പുതിയ തലമുറയ്ക്ക് വക്കീൽ ഹാജിയോടുള്ള കടപ്പാട്.


NOTE:  മുൻപ് വായിച്ചറിഞ്ഞതും കേട്ടറിഞ്ഞതുമായ വിവരങ്ങൾ ഈ എഴുത്തിൽ ഞാൻ ചേർത്തിട്ടുണ്ട്.കൂട്ടിച്ചേർക്കലുകൾക്കും തിരുത്തലുകൾക്കും വിധേയമാക്കാവുന്നതാണ്. നാട്ടുകാരനെക്കുറിച്ച് മനസ്സിലാക്കിയ കാര്യങ്ങൾ പങ്കുവെക്കുന്ന ചെറിയൊരു എഴുത്താണിത്.                    -ഷനീബ് മൂഴിക്കൽ-

Friday, 21 October 2016

ആദ്യം പൂട്ടേണ്‌ടത്‌ വള്ളിക്കുന്നിലെ മദ്രസകളായിരിക്കില്ലേ..

അപ്പറഞ്ഞതുമാത്രമാണ് ശരിയെങ്കിൽ ആദ്യം അടച്ചുപൂട്ടേണ്ടത് വള്ളിക്കുന്നിലെ മദ്രസകളായിരിക്കില്ലേ..


 അടുത്തിടെ ഉയർന്നുവന്ന ഇസ്്‌ലാമിക് പ്രീ-സ്്്കൂളുകളെ വിമർശിക്കുകയും പരിഹസിക്കുകയും ചെയ്യുന്ന ഫേസ്ബുക്ക് പോസ്റ്റ് കാണാനിടയായി.
എന്റെ മകളെ ഞാൻ പറഞ്ഞയക്കുന്നത് തിരൂരങ്ങാടിയിലുള്ള അത്തരത്തിലൊരു സ്ഥാപനത്തിലാണെന്നതിനാൽ ചില കാര്യങ്ങൾ പങ്കുവെക്കുന്നു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നേരത്തെ നിലവിലുള്ള ഈ സമ്പ്രദായം ഏതാനും വർഷം മുൻപാണ് ഇന്ത്യയിൽ തുടങ്ങിയത്.ഈ സ്ഥാപനങ്ങളെ ഇപ്പോൾ വിമർശിക്കാനിറങ്ങിയിരിക്കുന്നവരുടെ ഇഷ്ടസുഹൃത്തും നേതാവും മാതൃകാ പുരുഷുനുമൊക്കെയായ ഡോ.ഹുസൈൻ മടവൂർ നേതൃത്വം നൽകുന്ന മുജാഹിദ് വിഭാഗത്തിലെ പണ്ഡിതരും പ്രവർത്തകരും മുൻകയ്യെടുത്താണ് കോഴിക്കോടിനടുത്തുള്ള സ്ഥലം കേന്ദ്രമാക്കി ഈ സ്ഥാപനങ്ങൾ ഇന്ത്യയിൽ തന്നെ ആദ്യമായി പരിചയപ്പെടുത്തിയതും ഇപ്പോൾ വ്യാപിപ്പിച്ചുകൊണ്ടിരിക്കുന്നതും. ഈ കേന്ദ്രത്തിന് കീഴിലാണ് ഇന്ത്യയിലെ മറ്റുസ്ഥാപനങ്ങളെല്ലാം പ്രവർത്തിക്കുന്നതെന്നാണ് മേധാവികളുടെ സംസാരത്തിൽ നിന്നും മനസ്സിലായത്. അധ്യാപകർക്കുള്ള പരിശീലനവും കുട്ടികൾക്കുള്ള പുസ്തകങ്ങളടക്കമുള്ള സ്റ്റഡിമെറ്റീരിയലുകളും നൽകുന്നതും അവരാണ്.

മടവൂർ വിഭാഗം കെ.എൻ.എം.സംസ്ഥാന പ്രസിഡന്റ് സി.പി.ഉമർ സുല്ലമി,വൈസ് പ്രസിഡന്റ് ഡോ.ഇ.കെ.അഹമ്മദ് കുട്ടി തുടങ്ങിവർ നേതൃത്വം കൊടുക്കുന്ന തിരൂരങ്ങാടിയിലെ സ്‌കൂളിലാണ് എന്റെ മകൾ പോകുന്നത്.

ഇപ്പോൾ പ്രചരിപ്പിക്കപ്പെടുന്ന അപകടങ്ങളൊന്നും ഈ സ്ഥാപനങ്ങൾക്കില്ലെന്നാണ് അനുഭവം.മതം പരിശീലിക്കുന്നത് ചെറുപ്പത്തിലായാലും വലിപ്പത്തിലായാലും അപകടമാണെന്ന് അഭിപ്രായമുള്ളവർക്ക് ഇത് അപകടമായി തോന്നുമെന്നത് സ്വാഭാവികം.

ഖുർആൻ നോക്കി വായിക്കുന്നതിനും ചെറിയൊരുഭാഗം ഹൃദ്യസ്ഥമാക്കുന്നതിനുമുള്ള പരീശീലനം ഇവിടെ നൽകുന്നുണ്ട്. മലയാളം,അറബി,ഇംഗ്ലീഷ് ഭാഷകളുടെ പ്രാഥമിക പഠനം,ഡ്രോയിങ്ങ്/കളറിങ് പരിശീലനം.മലയാളം,ഇംഗ്ലീഷ്,അറബി നഴ്‌സറി ഗാനങ്ങളുടെ പരീശീലനം,സർഗാത്മകമായ കഴിവുകൾ വളർത്തുന്നതിനുതകുന്ന മത്സരങ്ങൾ,കളിക്കുന്നതിനും ഉല്ലസിക്കുന്നതിനുമുള്ള സംവിധാനങ്ങളും സമയവും,പോഷകാഹരങ്ങൾ കഴിക്കുന്നതിനുള്ള സൗകര്യം തുടങ്ങിയവ ഈ നഴ്്‌സറിയിൽ നൽകുന്നുണ്ട്.ഉച്ചക്ക് ഒന്നരവരെയാണ് പ്രവർത്തന സമയം.

മുസ്‌ലിം എന്ന നിലക്കുള്ള ധാർമിക ചിട്ടകളുടെ പ്രാഥമികമായ ചില കാര്യങ്ങൾ ശീലമാക്കാൻ സഹായിക്കുന്ന തരത്തിലാണ് സിലബസ്.മുൻകാലത്ത് മദ്രസയിൽ നിന്ന് ശീലിപ്പിച്ചവ പുതിയ രൂപത്തിൽ കുറച്ചുനേരത്തെ ശീലിപ്പിക്കുന്നുവെന്നു ചുരുക്കം.ഇസ്‌ലാംമത വിശ്വാസിയായ ഒരു രക്ഷിതാവ് ഈ സ്ഥാപനം ഇഷ്ടപ്പെടാൻ കാരണം ഇതായിരിക്കാം.ഇവിടത്തെ പഠനത്തിന് ശേഷം മറ്റു സ്‌കൂളുകളിൽ അത്് എവിടെയായിരുന്നാലും പഠനം തുടരാനുതകുന്ന തരത്തിലുള്ള നഴ്‌സറിതല പഠനമാണ് നൽകുന്നത്.

ഭക്ഷണം കഴിക്കുന്നതിന് മുൻപും ശേഷവും കൈ കഴുകണമെന്നും,ദൈവത്തിന്റെ നാമം ഉച്ചരിച്ചാണ് കഴിക്കുന്നത് ആരംഭിക്കേണ്ടതെന്നും,കഴിക്കുന്നതിനിടെ അനാവശ്യമായി സംസാരിക്കരുതെന്നും,കഴിച്ചുകഴിഞ്ഞാൽ ദൈവത്തിന് നന്ദി പറയണമെന്നും നാലുവയസ്സായ മകൾ ശീലിച്ചിട്ടുണ്ട്. 

ടോയ്്‌ലെറ്റിൽ  കയറുമ്പോൾ നിർബന്ധമായും ചെരിപ്പ് ധരിക്കണമെന്നും,ഉറങ്ങുന്നതിന് മുൻപും എണീറ്റതിന് ശേഷവും ബ്രഷ് ഉപയോഗിച്ച് പല്ലുതേക്കണമെന്നും അവൾ ശീലിച്ചിട്ടുണ്ട്.

ഉപ്പയുടെ അസുഖം ശരിക്കും മാറ്റിക്കൊടുക്കണേ പടച്ചവനേ എന്നവൾ കൈ ഉയർത്തി പ്രാർഥിക്കാറുണ്ട്.മുതിർന്നവരെ നീ എന്ന് വിളിക്കരുത് നിങ്ങൾ എന്നാണ് വിളിക്കേണ്ടതെന്ന് അവൾക്കറിയാം.

മൊബൈലിൽ അധികനേരം കളിച്ചിരിക്കാൻ പാടില്ല എന്ന് എന്നെ നോക്കി അവൾ പലതവണ  പറഞ്ഞതിനാൽ ഫെയ്‌സബുക്കിലും വാട്ട്‌സാപ്പിലും ഇറങ്ങി നടക്കുന്ന സമയം ഞാൻ കുറച്ചിട്ടുണ്ട്.നല്ല ശീലങ്ങൾ പരിചയപ്പെടുത്തുക എന്നതുമാത്രമാണ് ഈ പഠനം കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് വ്യക്തം.കർശനമായ പഠനരീതികളോ നിർബന്ധിച്ചുള്ള വർക്കുകളോ ഒന്നുമില്ല.ക്ലാസ് റൂം മുഴുവൻ ഓടിനടന്ന് കളിച്ച് അല്പം പഠനം മാത്രമാണ് ഉള്ളത്.

കൊച്ചുടിവിയിലെ ഡോറയുടെ പ്രയാണവും,മാതൃഭൂമിയിലെ വക്രദൃഷ്ടിയും നല്ലവാർത്തയും,ഏഷ്യാനെറ്റിലെ മുൻഷിയും ഒരുമിച്ചിരുന്ന്് കാണാൻ ഞങ്ങൾക്ക്്് ഇപ്പോഴും പ്രയാസമുണ്ടാവാറില്ല.

പിണറായിയാണ് ഇപ്പോൾ മുഖ്യമന്ത്രി എന്നു പലതവണപറഞ്ഞു കൊടുത്തിട്ടും ഉമ്മൻചാണ്ടിയെ ടിവിയിലും പത്രത്തിലും കാണുമ്പോൾ ഇയാളാണ് മുഖ്യമന്ത്രിയെന്നാണ് അവളിപ്പോഴും പറയുന്നതെന്ന പ്രശ്‌നമുണ്ടെന്ന് മാത്രം.(അതുചില കോൺഗ്രസുകാർക്കും ലീഗുകാർക്കും ഉണ്ടെന്ന് കേട്ടിട്ടുണ്ട്.)

മാതൃഭൂമി പത്രത്തിലെ സുഡോക്കു സ്ഥിരമായി കളിക്കുന്ന നസ്്‌രിക്കൊപ്പം അവളും സീരിയസ്സായി കുത്തിവരക്കാറുണ്ട്.മായാവിയും ലുട്ടാപ്പിയും അവളുടെ ഇഷ്ടകഥാപാത്രങ്ങളാണ്.നിവിൻ പോളിയെയും ദുൽഖറിനെയുമാണ് കൂടുതൽ ഇഷ്ടം.മമ്മുട്ടിയെയും മോഹൻലാലിനെയും അവൾക്കറിയില്ല.അല്പം ക്ലാസിക്കൽ ടച്ചുള്ള ഗാനങ്ങൾ കേട്ടിരിക്കാനാണ് ഇഷ്ടം.

മുസ്‌ലിംകളെല്ലാത്തവരെയൊന്നും നോക്കരുതെന്ന് പറയുന്നതോ,ബോംബുണ്ടാക്കാൻ ശ്രമിക്കുന്നതോ ഇതുവരെ ശ്രദ്ധയിൽപ്പെട്ടിട്ടില്ല.കഴിഞ്ഞ സ്വാതന്ത്ര്യ ദിനത്തിലും പതാക വേണമെന്ന് പറഞ്ഞ് വാശിപിടിച്ചിരുന്നു.ഞാൻ എന്റെ രാജ്യത്തെ സ്‌നേഹിക്കുന്നു,എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരിസഹോദരങ്ങളാണ് എന്നുതുടങ്ങുന്ന പ്രതിജ്ഞയാണ് അവളുടെ പാഠപുസ്തകത്തിന്റെ ആദ്യപേജിലുളളത്.അല്ലെങ്കിലും ഈ കുരുന്നുകളിൽ എന്ത് കുത്തിക്കയറ്റാൻ ആവുമെന്നാണ് നിങ്ങൾ പറയുന്നത്.

 ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളെന്ന പേരിൽ നേരത്തെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെ നടത്തിപ്പ് പൊളിച്ചെഴുതുന്ന രീതി പിന്തുടരുന്നതിനാൽ ഇത്തരം സംരംഭങ്ങൾക്കെതിരെ ചില നീക്കങ്ങൾ നടക്കുന്നതായി ചിലർ സംശയം പ്രകടിപ്പിച്ചു.ബഹുസ്വര സമൂഹത്തിന്റെ ഗുണത്തിന് അത്തരം സ്ഥാപനങ്ങൾ നൽകുന്ന സംഭാവനയെന്താണെന്ന് പറഞ്ഞ്  ആകുലപ്പെടുന്ന വിമർശക മതേതരവാദികളെയൊന്നും കാണുന്നുമില്ല.

അതാത് മതമേധാവികൾ തങ്ങളുടെ ചട്ടക്കൂടിൽ പൊതുവിദ്യാലയങ്ങളെന്ന പേരിൽ നിരവധി സ്ഥാപനങ്ങൾ നാട്ടിൽ കാലങ്ങളായി പ്രവർത്തിപ്പിക്കുന്നുണ്ട്.എല്ലാ വിഭാഗം മതവിശ്വാസികളും കൊച്ചുകുട്ടികൾക്കും മുതിർന്നവർക്കും ധാർമിക വിദ്യാഭ്യാസം നൽകുന്നുമുണ്ട്.മുസ്‌ലിംകൾ മാത്രമല്ല ഇതുചെയ്യുന്നതെന്ന വാദത്തിന് പ്രചാരം നൽകാൻ ആളില്ലെന്ന് മാത്രം.

പൊതുവിദ്യാലയങ്ങളിൽ പഠിച്ചാൽ എല്ലാം തികഞ്ഞുവെന്നാണ് പറയുന്നതെങ്കിൽ എങ്ങനെയാണ് ശംസുദ്ദീൻ പാലത്തിനും ശശികല ടീച്ചർക്കും മുജാഹിദ് ബാ ലുശ്ശേരിക്കും,  ഡോ.എന്‍.ഗോപാലകൃഷ്‌ണഌം ഇത്രയധികം ജനപിന്തുണ കിട്ടുന്നത്.അപകടകരമായ രീതിയിൽ സാമൂഹ്യമാധ്യമങ്ങൾ വഴിയും അല്ലാതെയും  മതസ്‌പർദ്ധ വളർത്തുന്ന പ്രചാരണങ്ങൾ നടത്തുന്ന യുവാക്കളും മുതിർന്നവരുമൊക്കെ എവിടെനിന്നും പഠിച്ചിറങ്ങിയവരാണ്.പുറമെക്ക് മതേതര കുപ്പായമിട്ട് അടുത്തിടെ മാന്യത കൂടുതലായി കാണിക്കുന്ന മുസ്‌ലിംകൾക്കിടയിലെത്തന്നെ ചില പാരമ്പര്യവാദികളുടെയൊക്കെ ഉള്ളിലിരിപ്പ് എന്താണെന്നറിയാൻ വളരെ എളുപ്പമാണെന്നാണ് എന്റെ അനുഭവം.ഇതൊക്കെ ഇങ്ങനെ സംഭവിക്കുന്നതിലെ കാരണമെന്താണ്.

മനുഷ്യനെയും നാടിനെയും സ്‌നേഹിക്കാൻ പഠിപ്പിച്ച പ്രവാചകന്റെ അനുയായികൾക്ക് മതത്തെ തള്ളിപ്പറയാതെത്തന്നെ നല്ല മതേതരനാവാൻ കഴിയും.കയ്യടി അല്പം കുറവായിരിക്കുമെന്നുമാത്രം.

മതം വിശ്വാസം തന്നെ വേണമെന്നില്ല എന്നവാദമുള്ളവർക്ക് ഇതിനെ പൂർണമായും വിമർശിക്കാൻ അവകാശമുണ്ട്.

മതം അല്പം പഠിക്കാനൊരുങ്ങുമ്പോഴേക്ക് ഭീകരവാദം പറഞ്ഞ് കണ്ണുരുട്ടാനാണ് തീരുമാനമെങ്കിൽ  ഇന്നാട്ടിൽ ആദ്യം അടച്ചുപൂട്ടേണ്ടത് വള്ളിക്കുന്നിലടക്കമുള്ള മദ്രസകളായിരിക്കില്ലേ. അതെന്താ ഇവരൊന്നും അത്രപെട്ടന്ന് പറയാത്തത്്..? 

 നെഹ്്‌റിനും കൂട്ടുകാരും മേൽപറഞ്ഞ സ്‌കൂളിൽ ഊഞ്ഞാലാടുന്നതാണ് പടം.

Facebook link 

https://m.facebook.com/story.php?story_fbid=1203257413071461&id=100001616400259&ref=bookmarks

Thursday, 26 February 2015

പെണ്ണ്
ഉടലിൽ നൃത്തവും   
കണ്ണിൽ കാമവും
ഹൃദയത്തിൽ പ്രണയവും
അതാണു സ്വർഗ്ഗത്തിലെ പെണ്ണ് ;
ഞാൻ സ്വർഗ്ഗത്തിലാണ്.
Sunday, 1 February 2015

ഒരുതരം പൊക മൊത്തം  പൊകയാണ്‌.
   യൂത്ത്‌ കോണ്‍ഗ്രസ്സുകാർ ഹെല്‍ത്ത്‌ സെന്ററിലേക്ക്‌ മാർച്ച്‌ നടത്തി..... !
   യൂത്ത്‌ ലീഗുകാർ വില്ലേജ്‌ ഓഫീസ്‌ ജീവനക്കാരെ പൂട്ടിയിട്ടു...... !

ബാർ കോഴയില്‍ ഇനി ക്ലിപ്പൊന്നും ഇറങ്ങാനില്ലെന്ന്‌ നിർമ്മാതാക്കള്‍.
തിരുവനന്തപുരത്ത്‌ ഉപയോഗമില്ലാതെ കിടക്കുന്ന  പോലീസ്‌ചട്ടിത്തൊപ്പികള്‍,ജലപീരങ്കി തുടങ്ങിയവ 
തുരുമ്പ്‌ പിടിക്കുന്നതായി  റിപ്പോർട്ട്‌..... !

ഉളുപ്പില്ലാത്തവരാണ്‌ ഭരിക്കുന്നതെന്ന്‌ പറഞ്ഞ്‌ കുപ്പായം ചുളിയാതെ നിക്ക്‌ണതാണ്‌ ബുദ്ധിയെന്ന്‌ പഴയ വിപ്ലവകാരികള്‍.... !

മാവോയിസ്‌റ്റുകള്‍ ഗ്രൂപ്പ്‌ ഫോട്ടോക്ക്‌ പോസ്‌ ചെയ്‌തതായി ഫോട്ടോഗ്രാഫർ.... !
ലവന്‍മാർ പറക്കും തളികയിലാണ്‌ സഞ്ചരിക്കാറെന്ന്‌ 

തേങ്ങയിടാന്‍ കയറുന്ന ശിവന്‍ കുട്ടി.... !

പുറത്തിരുന്ന്‌ വലിക്കേണ്‌ടവ ഫ്‌ളാറ്റിലിരുന്ന്‌ വലിക്കുന്നതിനെതിരെ രംഗത്തെത്തുമെന്ന്‌ പഴേ പുകക്കമ്പനി.. !!

 മൊത്തം  പൊകയാണ്‌.

Sunday, 23 November 2014

ധീരദേശാഭിമാനിയുടെ സ്മരണയിൽ എ.ആർ .നഗർ പഞ്ചായത്ത് *23/11/14-ന് അബ്ദുറഹ്മാൻ സാഹിബിന്റെ ചരമ ദിനത്തിൽ മാതൃഭൂമി പ്രസിദ്ധീകരിച്ച സ്പെഷൽ റിപ്പോർട്ടിന്റെ പൂർണ്ണ രൂപം .  

               അബ്ദുറഹ്മാൻ നഗർ നിവാസികൾക്കിപ്പോഴും ധീരമായ സ്വാതന്ത്ര്യസമര ചരിത്രങ്ങളോട് അടങ്ങാത്ത ആവേശമാണ്. തങ്ങളുടെ ഗ്രാമത്തിന്റെ പേരുതന്നെ അബ്ദുറഹ്മാൻ നഗർ (എ.ആർ.നഗർ ) എന്നാക്കി മാറ്റിയവരാണവർ.

                     മലപ്പുറം ജില്ലയിലെ കൊടുവായൂർ എന്നറിയപ്പെട്ടിരുന്ന പ്രദേശമാണ് പിന്നീട് അബ്ദുറഹ്മാൻ നഗർ എന്നറിയപ്പെട്ട് തുടങ്ങിയത്.സ്വാതന്ത്ര്യ സമര സേനാനിയും കോണ്‍ഗ്രസ്സ് നേതാവുമായിരുന്ന മുഹമ്മദ്‌  അബ്ദുറഹ്മാൻ സാഹിബിന് കൊടുവായൂർ പ്രദേശവുമായി അടുത്ത ബന്ധമാണ് ഉണ്ടായിരുന്നത്. മലബാറിലെ മാപ്പിളമാരെ ദേശീയ പ്രസ്ഥാനങ്ങളു മായി കൂടുതൽ അടുപ്പിച്ചു നിർത്തി ഇന്ത്യൻ സ്വാതന്ത്ര്യ സമരമുഖത്തേക്ക് എത്തിക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ചത് അബ്ദുറഹ്മാൻ സാഹിബായിരുന്നു. "മാപ്പിളനാട്" എന്ന പ്രയോഗം തന്നെ മലയാളഭാഷക്ക് സംഭാവന ചെയ്തത് സാഹിബായിരുന്നു എന്നാണ് ചരിത്രകാരന്മാർ രേഖപ്പെടുത്തിയിരിക്കുന്നത് ഏറനാട്,വള്ളുവനാട്,പൊന്നാനി താലൂക്കുകളി കളിലെ ജനസാമാന്യത്തെ തിരിച്ചറിയാൻ ഈ പദം വ്യാപകമായി ഉപയോഗിക്കപ്പെടുകയുണ്ടായി.

                             

 കൊടുവായൂരിലെ കോണ്ഗ്രസ്സിന്റെ സ്ഥാപക പ്രസിഡണ്ടും മാതൃഭൂമി,  പത്രത്തിന്റെ പ്രചാരകനുമായിരുന്ന   പി.പി.സി മുഹമ്മദ്‌ സാഹിബ് ,അബ്ദുറഹ്മാൻ സാഹിബുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന വ്യക്തിയായിരുന്നു. ഈ ബന്ധം സാഹിബിനെ കൊടുവായൂരുമായി കൂടുതൽ അടുപ്പിക്കുന്നതിനും തന്റെ പ്രവർത്തന വീഥിയിലെ പ്രധാനപ്പെട്ട ഒരിടമായി കാണുന്നതിനും കാരണമായി.കൊടുവായൂർ ദേശത്തോട് ചേർന്നുള്ള മമ്പുത്തെ  സയ്യിദ് കുടുംബത്തിലെ സയ്യിദലി തങ്ങളുമായി അടുത്തബന്ധവും സാഹിബിനുണ്ടായിരുന്നു. മമ്പുറം സയ്യിദുമാരെ നാടുകടത്തിയ നടപടിയോട് കടുത്ത അമർഷമുണ്ടായിരുന്ന അബ്ദുറഹ്മാൻ സാഹിബ് സയ്യിദ് കുടുംബത്തെ തിരികെ കൊണ്ടുവരാൻ ആഗ്രഹിച്ചിരുന്നു.

                       അബ്ദുറഹ്മാൻ സാഹിബിന്റെ സമകാലികരായിരുന്ന മൊയ്തു മൗലവി,കെ.മാധവ മേനോൻ,കുട്ടിമാളുഅമ്മ, കട്ടിലശ്ശേരി മുഹമ്മദ് മൗലവി തുടങ്ങിയവരൊക്കെ അക്കാലത്ത് കൊടുവായൂരുമായി നിത്യവും ബന്ധപ്പെട്ടിരുന്ന ആളുകളായിരുന്നു.അതുകൊണ്ട്തന്നെ അവിടം കോണ്‍ഗ്രസ്സിന് നല്ല വളക്കൂറുള്ള മണ്ണായിരുന്നു.

                         കൊടുവായൂരിലെ കോണ്ഗ്രസ്സ് നേതാവും എ.ആർ.നഗർ പഞ്ചായത്തിന്റെ പ്രഥമ പ്രസിഡണ്ടുമായിരുന്ന വി.അഹമ്മദ്‌ ആസാദിന്റെ ശ്രമഫലമായി 1962-ൽ മന്ത്രിയും അബ്ദുറഹ്മാൻ സാഹിബിന്റെ ശിഷ്യനുമായിരുന്ന പി.പി.ഉമ്മർ കോയയാണ് കൊടുവായൂരിന്റെ പേര് മാറ്റി അബ്ദുറഹ്മാൻ നഗർ  എന്നാക്കിയുള്ള ഉത്തരവിറക്കിയത് കൊടുവായൂരുകാരുടെ പോസ്റ്റാഫീസായിരുന്ന വി.കെ.പടി പോസ്റ്റാഫീസിന്റെ പേരും പിന്നീട് അബ്ദുറഹ്മാൻ നഗർ പോസ്റ്റാഫീസ് എന്നാക്കി മാറ്റി.

                            ഒരു വ്യക്തിയുടെ പേരിലറിയപ്പെടുന്ന പഞ്ചായത്ത് എന്ന അപൂർവ്വ നേട്ടവും എ.ആർ.നഗറിനുണ്ട്. മുഹമ്മദ്‌ അബ്ദുറഹ്മാൻ സാഹിബ് എന്നത് ബ്രിട്ടീഷുകാരെ ഭയപ്പെടുത്തിയ നാമമായിരുന്നു.അദ്ദേഹവുമായുള്ള സംസാരങ്ങൾ മിക്കപ്പോഴും ബ്രിട്ടീഷ് ഉദ്യോഗസ്ഥർക്ക് വാക്ക് തർക്കങ്ങളുടെ മൂർച്ചയിൽ പരിക്ക് പറ്റുന്ന സംഭവങ്ങളായിരുന്നു.ഒരിക്കൽ സയ്യിദലി സംഭവവുമായി ബന്ധപ്പെട്ട് കോഴിക്കോട്ടെ ബ്രിട്ടീഷ് ഡി.എസ്.പി-യുമായി സംസാരിക്കുന്നതിനിടയിൽ  "നീ ജയിൽ കണ്ടിട്ടുണ്ടോ ?"  എന്ന ചോദ്യത്തിന് "ഞാൻ കിടന്ന ജയിലുകളുടെ പേരുകൾ നീ കേട്ടിട്ടുണ്ടോ ?" എന്നാണ്‌ സാഹിബ് തിരിച്ചു ചോദിച്ചത്.

                            ദേശീയ മുസ്ലിം എന്നറിയപ്പെടാൻ ആഗ്രഹിക്കുന്ന അബ്ദുറഹ്മാൻ സാഹിബിന്റെ ആവേശം നെഞ്ചിലേറ്റിയ ജനങ്ങളിപ്പോഴും എ.ആർ.നഗറിലുണ്ട്.ധീരദേശാഭിമാനിയുടെ ഓർമ്മ ഇവിടത്തുകാർക്കിപ്പോഴും  ആവേശം നിറക്കുന്ന ചാലക ശക്തിയായി തുടരുന്നു.                                                  
      

Tuesday, 21 October 2014

കിറുക്ക്
ചുറ്റിലും പരിമിധികളുടെ മതിൽകെട്ടുകളുണ്ടെന്ന്  
നാട്ടുനടപ്പുകളെന്നെ ബോധിപ്പിച്ചു.

മതിലുകൾ മനുഷ്യനിർമ്മിതിയാണെന്ന ബോധ്യം
 എന്നെയൊരു തികഞ്ഞ വിശ്വാസിയാക്കി....!

മതമെനിക്കു ലഹരിയാണ്,
തിരിച്ചും...!

എനിക്കിനിയും ജീവിക്കണം.
പ്രണയിച്ച്‌ കൊതിതീർന്നിട്ടില്ലെനിക്ക്‌.

എന്റെ ചങ്ങാത്തങ്ങൾക്ക്
  പരിധിവെച്ചിട്ടില്ല.

വഴക്കും വക്കാണവും 
എന്റെ കൂടെപ്പിറപ്പുകളാണ്.

തോൽവിയും, പ്രതീക്ഷകളും 
അവയെന്റെ വിധികളാണ്.

അവളുടെ ഇളം  മേനിയിൽ
മാൻകിടാവിൻറെ കിതപ്പുള്ള
ചിത്രം വരക്കും ഞാൻ,
അതുമാത്രമാണ് എൻറെ ഒരേയൊരു വര.

ഞാനുമിവിടെ   ലഹളയുണ്ടാക്കും,
അതെന്റെ അവകാശമാണ്.


കിറുക്കാണെന്നറിഞ്ഞിട്ടും
എനിക്കെപ്പോഴും തലകുത്തിനിൽക്കാനാണിഷ്ടം.  
Thursday, 9 October 2014

നിലപാട്


* 2014-ലെ ലോകസഭ തെരഞ്ഞടുപ്പ് കാലത്തുനിന്നും 


                      


പ്രചരണ ഭാഗമായി ഇന്ന് ജമാഅത്തെ ഇസ്ലാമിക്കാരാണ് വോട്ട് തേടി രാവിലെത്തന്നെ വീട്ടിലെത്തിയത്.

വോട്ടഭ്യർത്ഥിച്ച അവരോട് ഞാനൊരു സാങ്കല്പിക ചോദ്യം ചോദിച്ചു.
(ജമാഅത്തെ ഇസ്ലാമിക്കാരോട് സാങ്കല്പിക ചോദ്യങ്ങൾ ചോദിക്കാനേ നിർവാഹമുള്ളൂ ...!) . ജമാഅത്തെ ഇസ്ലാമിക്കാർ പൊന്നാനിയിൽ നിന്നും മത്സരിപ്പിക്കുന്ന സ്ഥാനാർത്ഥി ജയിച്ചു കയറി ഡൽഹിലെത്തിയാൽ കേന്ദ്രത്തിൽ ഭരണം നടത്താൻ ആരെ പിന്തുണക്കും എന്നായിരുന്നു ചോദ്യം ..

അതിനെനിക്ക് ആദ്യം കിട്ടിയ മറുപടി ഒരു എം ,പിക്ക് ഏതെങ്കിലും സർക്കാരിനെ പിന്തുണക്കണമെന്ന് ഭരണഘടനയിൽ എവിടെയും പറയുന്നില്ല എന്നാണ് ...! അംബേദ്ക്കർ എഴുതിയ ഭരണഘടന ഞാനിതുവരെ വായിച്ചിട്ടില്ലാത്തതിനാൽ ഞാൻ തലകുലുക്കി സമ്മതിച്ചു .

കോണ്‍ഗ്രസ്സ് നേതൃത്വം നൽകുന്ന UPA യെ പിന്തുണക്കുമോ എന്ന് ചോദിച്ചപ്പൊ കോണ്‍ഗ്രസുകാരും മുസ്ലിം ലീഗുകാരും ജയിലിലടച്ച ഒന്നര ലക്ഷം ആളുകളുടെ കണക്ക് പറഞ്ഞു ...

ഗുജറാത്ത് മുഖ്യമന്ത്രിയും തീവ്രഹിന്ദുത്വവാദിയുമായ നരേന്ദ്ര മോഡിയെ പിന്തുണക്കുമോ എന്നാരാഞ്ഞപ്പൊ അതിനെന്താ കുഴപ്പം എന്നാണു തിരിച്ചു ചോദിച്ചത് ..!

ഇനിയതല്ല പ്രകാശ് കാരാട്ട് സ്വപ്നം കാണുന്ന മൂന്നാം മുന്നണിക്ക്‌ പിന്തുണ നൽകുമോ എന്നതിന് അതിപ്പൊത്തന്നെ പറയേണ്ടുന്ന കാര്യമല്ല എന്ന മറുപടിയും കിട്ടി .

പ്രത്യേകിച്ചൊരു ദേശീയ കാഴ്ച്ചപ്പാടും പുറത്തു പറയാതെ പിന്നെന്തിനാണ് ഇവിടെ നിങ്ങൾ മത്സരിക്കുന്നതെന്ന് ചോദിച്ചപ്പൊ പൊന്നാനിയിൽ ഞങ്ങൾക്ക് രണ്ടായിരം വോട്ടുണ്ട് അത് ചിലയാളുകൾക്ക് ബോധ്യപ്പെടുത്തി കൊടുക്കാനാണെന്ന് പറഞ്ഞു ....!! അവർ തങ്ങളുടെ ചിഹ്നമായി തെരഞ്ഞടുത്തിരിക്കുന്നത് ഗ്യാസ് സിലിണ്ടറാണെന്ന  വിവരവും അതിനിടക്ക് എന്നെ ഓർമ്മപ്പെടുത്തിയിരുന്നു....!    

കനത്ത ചൂടിൽ പ്രചരണത്തിനറങ്ങിയ പ്രിയ സുഹൃത്തുക്കളെ അല്പം വെള്ളം കുടിക്കാൻ നിർബന്ധിച്ചപ്പൊ ഇനിയും ഒരുപാട് വീടുകളിൽ എത്താനുണ്ടെന്ന് പറഞ്ഞു അവർ അടുത്തയാളെ ലക്ഷ്യമാക്കി നടന്നു .

അതേ സമയം തൊട്ടുടുത്ത വീട്ടിൽ ഒരു വണ്ടി നിറയെ ഗ്യാസ് സിലിണ്ടറുകളുമായി ഗ്യാസ് ഏജൻസിക്കാരൻ വന്നു നിന്നു ... ചായിപ്പിനടുത്ത് ഒതുക്കി വെച്ചിരുന്ന കാലി സിലിണ്ടെറെടുത്ത് വണ്ടിയിലേക്ക് നിസ്സാരമായൊരേറെറിഞ്ഞു ... ഒരുപാട്‌ സിലിണ്ടറുകൾക്കിടയിൽ അതിന് ഒതുങ്ങാൻ പറ്റിയൊരിടത്ത് അത് കൃത്യമായി ഒതുങ്ങി നിന്നു. അത്രയും നേരം ഞങ്ങളുടെ സംസാരം ശ്രദ്ധിച്ച് വാതിലിനടുത്ത് നിന്നിരുന്ന ഭാര്യ പല്ല് കാണിക്കാതെ ഒന്ന് ചിരിച്ച് അകത്തേക്ക് പോയി .

വര

ആശയം വരക്കാനായി ചുമർക്കിട്ടിയ
ചിത്രകാരനാണു ഞാനിപ്പോൾ.
നീ തന്ന മഷിക്കൂട്ടുകളൊക്കെ സമാസമം ചേർത്തപ്പോൾ
എന്റെ മാസ്റ്റർപീസായി....?!
വരകൾക്കൊക്കെയൊടുക്കം
നിന്റെ ഛായ..!
ഓരോ ഫ്രൈമും എന്നെനോക്കി
പ്രണയം സംസാരിക്കുന്നു,
ഞാനതൊക്കെ എന്റെ ചിതയൊരുക്കാനായി
കരുതിവെച്ചിട്ടുണ്ട്‌.
ഞാൻ ചരിത്രമാവുന്നത്‌
നിന്നെപുൽകിയാവണമെന്നതെന്റെയാശ.

Thursday, 2 October 2014

ഷാപ്പ്‌സമരം തീർന്നു; 
ഷാപ്പ്‌ പൂട്ടി.*

പൂട്ടാനുപയോഗിച്ച താഴിക്ക്‌
പലനിറങ്ങള്‍. 
അതുവാങ്ങിച്ച കടകളും
വെവ്വേറെയാണെന്ന് ആഹ്ലാദക്കാർ. 

ഷട്ടറുകള്‍ താഴ്‌ത്തുന്നേരമുണ്ടായ ഒച്ചകളെക്കുറിച്ചാണ്‌ 
ഓരോരുത്തരും അവകാശം പറഞ്ഞത്‌. 

വീതംവെക്കാന്‍ അവർക്ക്‌ കിട്ടിയത്‌ കുടിയന്‍മാരായ തെമ്മാടികളെയാണല്ലോ;
മുദ്രാവാക്യങ്ങള്‍ക്ക്‌ ഉശിര്‌ കൂടും! 

പഴയ മാനിഫെസ്‌റ്റോ കയ്യിലുള്ളവർ
മൗനം  നോറ്റു...? 
അവർക്കിനിയും 'കിക്ക്‌' മാറിയിട്ടില്ലത്രെ! 
ചില ബ്രാന്‍ഡുകള്‍ അങ്ങനെയാണെന്നത്‌ അനുഭവം.  

വിഷയം മദ്യമാണെന്നറിഞ്ഞിട്ടായിരിക്കാം
കുടിയന്‍മാരായ സാംസ്‌കാരിക നായകർക്കും മിണ്‌ടാന്‍ പേടി. 

മടിയില്‍ കനമില്ലാത്ത പാവം കുടിയന്‍മാർ, 
തെമ്മാടികള്‍ .
അവർക്കായി ശബ്‌ദങ്ങളൊന്നും പൊന്തിയില്ല.
ഇനിയവർ അല്‌പം ദൂരം മാറിനടന്ന്‌
ലഹരിക്കരികിലെത്തും. 

ബഹളങ്ങള്‍ നിലച്ചു,
അടുത്തൊരു ലഹരി
ഞരമ്പുകളിലെത്തുന്നത്‌ വരെ. 

സമരം തീർന്നു;
ഷാപ്പ്‌ പൂട്ടി.


(* പൂട്ടിയത്‌ പരപ്പനങ്ങാടിയിലെ മദ്യഷാപ്പ്).

Saturday, 13 September 2014

ചൂണ്ടുവിരൽചൂണ്ടുവിരൽ അയാൾ ചൂണ്ടാൻ ഉപയോഗിക്കാറില്ല. 
തള്ളവിരലിന്റെ ഓരം പറ്റിനിൽക്കുന്ന ചൂണ്ടുവിരലിനെ അവളോർമ്മിപ്പിച്ചപ്പോൾ
അയാളാദ്യം തന്നിലേക്കു നോക്കി.

ചൂണ്ടുവിരലൊരു സാക്ഷിയാണു.
ജീവിതത്തെ പച്ചയായി കൊന്നപ്പോൾ
അയാളിലെ തോന്ന്യാസിയെ ചൂണ്ടിക്കാണിച്ചവൻ

ചിന്തകളുടെ സംഘർഷം കോപ്പുകൂട്ടിയപ്പോൾ
അയാൾ ലഹരിക്കടിമയായി.
ലഹരി കൊന്നു തള്ളിയപ്പോഴും ചൂണ്ടുവിരലിനു ജീവനുണ്ടായിരുന്നു.
അതെയാളെത്തന്നെ ചൂണ്ടിക്കാണിച്ചുകൊണ്ടിരുന്നു...?!

അമർഷം അയാളിൽ സ്‌ഫോടനം തീർത്തതുപക്ഷെ ചൂണ്ടുവിരലറിഞ്ഞില്ല.
ചുറ്റുപാടുകൾ നോക്കിയപ്പോൾ മറ്റനേകം ചൂണ്ടുവിരലുകൾ ചൂണ്ടിനിൽക്കുന്നുണ്ട്‌.
അതൊന്നും പക്ഷെ ചൂണ്ടേണ്ട ദിശയിലേക്കൊന്നുമല്ല തിരിഞ്ഞുനിൽക്കുന്നത്‌
ചൂണ്ടിക്കാണിക്കാൻ ആവോളം ഉള്ളേടത്ത്‌ ചൂണ്ടുവിരലുകൾ എണ്ണത്തിൽ കുറവ്‌ കാണിക്കുന്നു

ഉറച്ചൊരു നിൽപിനു ചൂണ്ടുവിരലിന്റെ താങ്ങയാൾക്കു ലഭിക്കുന്നില്ല.
മരണം വന്നു വിളിച്ചപ്പോൾ മുകളിലേക്ക്‌ വിരൽ ചൂണ്ടി ദൈവത്തെ
ചോദ്യം ചെയ്താണു കീഴടങ്ങിയത്‌...!

Thursday, 7 November 2013

പാളയം വിവാഹത്തിലെ വർത്തമാനങ്ങ ൾ

                             

                                               ഇസ്ലാം അനുവദിച്ച രണ്ടും അതിൽ കൂടുതലും വിവാഹമാവാമെന്ന സത്യത്തെ അഭിമാനത്തോടെ അംഗീകരിക്കാനോ നടപ്പിൽ വരുത്താനോ ധൈര്യം കാണിക്കുന്നവനല്ല ഇന്നത്തെ കേരള മുസ്ലിം ..തിരുവനന്തപുരം പാളയം പള്ളിയിലെ   മങ്കട മൗലവിയുടെ   കാര്യത്തിലും സംഭവിച്ചത് അത് തന്നെ . കേരള മുസ്ലിം നേതൃത്ത്വത്തിലെയും , പ്രബോധകരിലേയും  പലരും  ഇന്ന് ഇത് പോലെ വളരെ സ്വകാര്യമായി രണ്ടാം കെട്ട് കെട്ടുന്നവരാണ് ...! ഒന്നാം കെട്ടിന്റെ കാര്യത്തിൽ ഇവർ കാണിക്കുന്ന പ്രകടനപരത  ആരും രണ്ടാം കെട്ടിൽ കാണിക്കുന്നില്ല എന്നത് വിചിത്രമാണ് ...?! ഭാര്യമാർക്കിടയിൽ നീതി പുലർത്താൻ കഴിയും എന്ന് ഉറപ്പുള്ളവൻ മാത്രമേ രണ്ടാം കെട്ടിന് പോകാവൂ എന്നത് മതം പ്രത്യേകം ഓർമ്മപ്പെടുത്തിയുണ്ടത്രെ . ഒന്നാം നിക്കാഹിന്റെയന്ന് നട്ടുച്ചക്ക് വിളമ്പിയ കോഴി ബിരിയാണിയുടെ ഉഷാറൊന്നും രണ്ടാം കെട്ടിന് " അസറിന്റെ " നേരത്തൊ , ഇഷാന്റെ ശേഷമോ വിളമ്പുന്ന "എഗ്ഗ് പപ്സിനും " "അമൂല്യ " യുടെ ചായക്കൊ കിട്ടില്ല ...! അത് തന്നെ ഒരർത്ഥത്തിൽ  രണ്ടാം വിവാഹത്തിലെ നീതികേടാണു . സ്വകാര്യ ജീവിതത്തിൽ ഇവരൊക്കെ സ്വന്തം ഇണകളോട് എത്രത്തോളം നീതി പുലർത്തുന്നവരാണെന്നത് അവർക്ക് മാത്രം അറിയുന്ന കാര്യവുമാണ് .

                                  പതിനാറാം വയസ്സിൽ കല്യാണത്തിനു അനുമതി കിട്ടാൻ സമുദായ നേതൃത്വം വഴിനോക്കുന്ന ഇക്കാലത്ത് ഇത്തരം സ്വകാര്യമായ രണ്ടാം വിവാഹങ്ങൾ ചർച്ചക്ക് വരുന്നത് അലോസരമാണ് . പ്രണയത്തിൽ 
പെട്ടുപോവുന്ന കൗമാരക്കാരെ രക്ഷപ്പെടുത്താനാണ് പതിനാറിലെ വിവാഹത്തെ സാധൂകരിക്കാൻ നോക്കുന്നത് എന്ന സമുദായ നേതൃത്വത്തിന്റെ വാദത്തെ ഇഷ്ട്ടപ്പെടാം . ഇത് പ്രണയക്കുടുക്കിൽ കുടുങ്ങിയ മക്കളെയോർത്ത് വിഷമിക്കുന്ന രക്ഷിതാക്കൽക്കും , അതിലുപരി പ്രണയിതാക്കൾക്കും ആവേശവും ആശ്വാസവും നൽകുന്ന നീക്കവും മതത്തിന്റെ ധാർമ്മിക  കെട്ടുറപ്പിനെ ബലപ്പെടുത്തുന്നതുമാണ് . 

                         പക്ഷെ, രണ്ടാം കെട്ട് ഈ ഗണത്തിൽ പെടുന്നതല്ലാലോ .. ഇതിനു മതപരവും നിയമപരവുമായ സാധൂകരണം നേരത്തെയുണ്ട് . പക്ഷെ ഇല്ലാതെ പോയത് സമുദായമിപ്പോഴും രണ്ടാം കെട്ടിനെ  ഒരു രണ്ടാംകിട പരിപാടിയായി കാണുന്നു എന്നതാണു ...! പ്രണയിക്കുന്നവർക്ക് പതിനാറിൽ നിക്കാഹാവാം എന്ന് പറയുമ്പോൾ അൻപത് കഴിഞ്ഞവർക്കും അത് നാം വകവെച്ചു കൊടുക്കേണ്ടതല്ലേ ...? പ്രണയമെന്നത് അനിർവചനീയമായ ഒന്നാണെന്നാണ് ഇന്നത്തെയും എന്നത്തേയും അനുഭവം ; അതിനു പ്രായമോ കാലമോ  വിവരമോ വിവേകമോ ഒരു മാനദണ്ഡമല്ലത്രെ ...! പിന്നെന്തിനു നാം മങ്കട മൗലവിക്കു നേരെ വിരൽ ചൂണ്ടുന്നു ...?

                      ഇവിടെ വിമർശിക്കപ്പെടേണ്ടത്  പെണ്‍വിഷയം പൊങ്ങി വരുന്നേരം  അത് കൈകാര്യം ചെയ്യുന്നതിൽ മുസ്ലിം സമുദായം പലപ്പോഴും അതിന്റെ നേതൃത്വിന്റെ അറിവോടേയും , പിന്തുണയോടേയും ചെയ്തു വരുന്ന ഗുരുതരമായ പകപോക്കലുകളും ആരോപണ ബഹളങ്ങളുമാണ് . ഇത്തരം വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിലെ ഗൗരവവമായ മാന്യത പഠിപ്പിച്ച മതത്തിന്റെ ആളുകളായിട്ടുള്ളവർ പലപ്പോഴും അത്തരം അധ്യാപനങ്ങൾ സ്വീകരിക്കാൻ മടികാണിക്കുന്നത് കാണാം . പ്രമുഖ വ്യക്തികളെ കേന്ദ്രീകരിച്ച്  കഴിഞ്ഞ കാലങ്ങളിൽ ഉയർന്നു വന്ന പല സ്ത്രീ  വിഷയങ്ങളും കൈകാര്യം ചെയ്തപ്പൊ സംഘടനാ വിദ്വേഷത്തിന്റെ മൂർച്ചയിൽ പരമാവധി അലങ്കാരപ്പെടുത്തി പ്രചരിപ്പിക്കാൻ നേതൃത്വം കൊടുത്തവരാണ് ജമാഅത്തെ ഇസ്ലാമിയും അവരുടെ പത്രമായ "മാധ്യമവും " എന്നത് ആരും മറന്നിട്ടില്ല . സമുദായ ഐക്യത്തിന്റെ വ്യാജ സന്ദേശം മുഖത്തൊട്ടിച്ചുവെച്ച് സകല പിന്തിരിപ്പൻ തമ്മിലടികൽക്കും ഊ ർജ്ജം പകരുന്ന വ്യാജ വാർത്തകൾക്ക്  മഷി പുരട്ടുന്ന ആളുകളാണു ജാമഅത്തുകാരും അവരുടെ പത്രമായ മാധ്യമവും.  സ്വന്തം നേതാവായ പാളയം ഇമാമിന് നേരെ വാർത്ത വന്നപ്പൊ അത് മുക്കാൻ   അവർ കാണിച്ച മിടുക്ക് ഈ സമുദായത്തോട് മുന്നെ ചെയ്തിരുന്നെങ്കിൽ ഒരുപാട് ചീഞ്ഞു നാറുന്ന അഴുക്കുകൾ പേറി നടക്കുന്നതിൽ നിന്നും സമുദായം രക്ഷപ്പെടുമായിരുന്നു .

                                  ഈ വിഷയവുമായി ബന്ധപ്പെട്ട് സ്വാമി വിശ്വഭദ്രാനന്ദ സ്വാമിയുടെ ലേഖനം കഴിഞ്ഞ ദിവസം  പ്രസിദ്ധീകരിക്കാൻ   "വർത്തമാനം " പത്രത്തിനു  കഴിഞ്ഞു .. സമുദയത്തിനിടയിലെ " കുത്തിത്തിരുപ്പുകളിൽ തങ്ങളാലാവുന്ന ജോലികൾ മുന്പ് ചെയ്തിട്ടുണ്ടെങ്കിലും " വർത്തമാനാം" ചെയ്തത് നല്ലൊരു ചുവടുവെപ്പാണ് .ഈയൊരു ശീലം  സ്റ്റേജ് കെട്ടി വിളിച്ചു പറയുന്നവരും  മഷി നിരത്തി എഴുതി വിടുന്നവരുമായ "മാധ്യമമടക്കം" സകല സമുദായ സംരക്ഷകർക്കും  പഴറ്റി നോക്കാവുന്നതാണ് .     

Thursday, 14 February 2013

പുലഭ്യം വായിക്കുന്ന വാർത്താ ചാനലുകൾ.

  
                                   മലയാളിയുടെ സാമൂഹ്യബോധം സദാ ഉദ്ധരിച്ച് നിൽക്കുന്നതിന്റെ ഫലമാവാം പേറുനിർത്താത്ത വാർത്താ ചാനലുകൾ. അടിക്കടി പുതിയ വാർത്താ ചാനലുകൾ പുറത്തിറങ്ങുന്നത് മലയാളിയുടെ ഈയൊരു ഉദ്ധാരണത്തിന്റെ ശേഷിയെ സൂചിപ്പിക്കുന്നു.മണിക്കൂറുകളുടെ ഇടവേളകളിൽ കോട്ടും സാരിയും, ചിലരിപ്പോൾ തട്ടവുമിട്ടും വാർത്തകൾ വായിക്കുന്നു. പ്രേക്ഷകന്റെ അഭിമാനം വിലക്കുവാങ്ങി പുലഭ്യം വായിക്കുന്ന തരംതാണ വാർത്ത ചാനലുകളായി ഇന്നത്തെ മലയാളം ചാനലുകൾ മാറിക്കഴിഞ്ഞിരിക്കുന്നു.

                              ന്യൂസ് ഡസ്കിനു മുകളിൽ കമഴ്ന്നു കിടക്കാന്മാത്രം അറിയുന്ന ചില " പിള്ളേരാണു " ഇന്നത്തെ പല ചാനലുകളുടേയും തലപ്പത്തിരിക്കുന്നതത്രെ. മാധ്യമ ധർമ്മം എന്നൊന്നില്ല എന്നതാണു ഇവരുടെയൊക്കെ സാമാന്യ വിവരം എന്നുള്ളത് കഴിഞ്ഞ ദിവസം ഒരു ചീഫ് എഡിറ്റർ തെളിയിക്കുകയുണ്ടായി. അങ്ങനെയൊന്നു ഉണ്ടെങ്കിൽ തന്നെ അതിനൊപ്പിച്ച് നിൽക്കാൻ ഇന്നത്തെ സാഹചര്യത്തിൽ സാധ്യമല്ല എന്നുള്ളത് മറ്റൊരു മാധ്യമ മേധാവിയുടെ തുറന്നു പറച്ചിൽ. ഇതൊക്കെ കേട്ടിരിക്കാനും, കണ്ടിരിക്കാനും വിധിക്കപ്പെട്ട പ്രേക്ഷകന്റെ കാര്യത്തിൽമാത്രം ഒരു നീക്കുപോക്കുമ്മില്ല.

                പഴകിപ്പുളിച്ച വല്ല സ്ത്രീപീഠന കഥകളുണ്ടെങ്കിൽ പൊടിതട്ടിയെടുത്ത് കിട്ടാവുന്നേടത്തോളം മസാല ചേർത്ത് സദ്യയൊരുക്കാനാണു ഇന്നത്തെ മത്സരം. പല ചാനലുകളും ഈ വിഷയങ്ങളിൽ ഒരുപാട് നൈപുണ്യമുള്ളവരുമത്രെ. തങ്ങളുടെ ചാനലിനൊരിടം കിട്ടാനായി പ്രേക്ഷകന്റെ മുഖത്തുനോക്കി പുലഭ്യം വായിക്കുന്ന ഇത്തരം ചാനലുകാരുടെ തോന്ന്യാസങ്ങളിൽ സഹികെട്ട് പലരും ടെലിവിഷൻ തള്ളിപ്പൊളിക്കാത്തത് അതു സ്വന്തം കീശയിലെ പൈസയാണല്ലോയെന്നോർത്താണു. പലസുപ്രധാന വിഷയങ്ങളും മാറ്റിവെച്ച് എല്ലാ ചാനലുകാരും ഏതെങ്കിലുമൊക്കെ പെണ്ണുകേസിന്റെ പുറകിലാണു ക്യാമറയും തൂക്കിയോടുന്നത്.

                          ഒളികേമറയിൽ കേമത്തരം കാണിക്കുന്ന ആഭാസന്മാർ മാധ്യമ പാര്യമ്പര്യത്തിനും , ധാർമ്മികതക്കും കൊലക്കത്തി നീട്ടിവെച്ചവരാണു. കഴിഞ്ഞ ദിവസം ഒരു മുൻ ജഡ്ജിയുമായി സംസാരിക്കാൻ ചെന്ന ചാനൽ സുന്ദരിയോട് സംസാരിക്കാൻ താൽപര്യമില്ലെന്നും ക്യാമറ ഓഫ് ചെയ്തോളു എന്നും പറഞ്ഞ് പേഴ്സണലായിപ്പറഞ്ഞ അഭിപ്രായത്തെ മഹാഅപരാധമായി ചിത്രീകരിക്കുന്നത് കണ്ടു.കോലിളക്കം സൃഷ്ട്ടിച്ച സൂര്യനെല്ലിപീഠനക്കേസിലെ ഹൈക്കോടതിവിധിയിൽ ഒപ്പുവെച്ച അന്നത്തെ ജഡ്ജിക്ക് ഇപ്പോഴും അതേനിലപാടാണു എന്നതാണു നമ്മുടെ മാധ്യമ പണ്ഡിതരുടെ പുതിയ കണ്ടെത്തൽ. നേരെചൊവ്വെ പറഞ്ഞാൽ തങ്ങളിപ്പോൾ കണ്ടെതിയത് പുതുതായ ഒന്നുമല്ല എന്ന തിരിച്ചറിയാൻ മാത്രം ബോധമില്ലാത്തവാരായോ ഇവരൊക്കെ. അതുമല്ലെങ്കിൽ ജനം എപ്പോഴും ഞങ്ങളുടെ വാദങ്ങളെ തലകുലുക്കി ഏറ്റെടുക്കുമെന്ന ബോധം അവരെ വലയം ചെയ്തതുകൊണ്ടാണോ..? അന്നത്തെ വിധിയിലേക്കെത്തിച്ച വിലയിരുത്തലുകളിൽ ഉറച്ചു നിന്നു എന്നതാണു ജസ്റ്റിസ് ബസന്ത് സ്വന്തം മനസ്സ്സാക്ഷിയോട് ചെയ്ത ശരി. അഭിപ്രായം പറയാനും , പറയാതിരിക്കാനും ആരെയുമ്പോലെ ഒരോരുത്തർക്കും അവകാശം വേണമല്ലോ.

                  കേരളം ഒരുപാടാഘോഷിച്ച മറ്റൊരു പീഢനകഥയാണു കോഴിക്കോട് ഐസ്ക്രീംപാർലർ പെൺവാണിഭം. പല ചാനൽ മുതലാളിമാരുടെ വീട്ടിലെ അടുപ്പിൽ പുകയുയരുന്നതിപ്പോഴും ഈ കേസിന്റെ ചവറുകൾ കത്തിച്ചുകൊണ്ടാണു. ഈ കേസിലെ ഇരകൾ അന്നനുഭവിച്ച പീഢനത്തിന്റെ എത്രയോ മടങ്ങാണു അവരിപ്പോൾ പലരുടേയും കയ്യിലെ പാവകളായി കളിച്ചുകൊണ്ടിരിക്കെ അനുഭവിക്കുന്നത്. സ്വന്തം വ്യക്തിത്വത്തെ പണത്തിന്റെ പകരത്തിനു മറ്റുള്ളോർക്കു വിട്ടുനൽകിയ ചിലർ സ്ത്രീപീഢനത്തിന്റെ ആനുകൂല്യത്തിനു അർഹരാണോയെന്നത് വേറെകാര്യമാണു...? നോട്ടുകെട്ടിന്റെ തൂക്കംനോക്കി കോടതിമുറിയിൽ പരാതിക്കടലാസിലെ വരികളികളിൽ ഇവർ വാക്കുകളെ മാറ്റുന്നു. ഇതൊക്കെ ലൈവാക്കി നിർത്തി പ്രേക്ഷകലോകത്തെ പരിഹസിക്കുന്ന "ബ്രേക്കിംഗ് ന്യൂസുകൾ" വീണ്ടും വീണ്ടും പിറക്കുന്നു....! ഒരു നേരിയസുഖത്തിനു വേണ്ടി പലരും പണ്ടെപ്പോഴൊ ചെയ്തുപോയ തോന്ന്യാസത്തിനു ബലിനൽകേണ്ടതാണൊ വിലപ്പെട്ട സമയങ്ങൾ. ഒരു രാജ്യത്തിന്റെയും സമൂഹത്തിന്റെയും ഉയർച്ചക്കും നന്മക്കും വഴിതെളിയിക്കുന്ന വിളക്കായി പ്രകാശിക്കേണ്ടുന്ന മാധ്യമങ്ങൾ വ്യക്തിഹത്യകളിലും , പകപോക്കലുകളിലും പങ്കാളികളായി തങ്ങളുടെ നിലനിൽപ് ഭദ്രമാക്കാൻ പണിയെടുക്കുന്നത് കണ്ടിരിക്കാൻ മാത്രം വിധിക്കപ്പെട്ടവരായി നാം പ്രേക്ഷകർ ആയിക്കൂടാ. മാധ്യമങ്ങളെ ബാധ്യത മറക്കാത്തവരായി നിലനിർത്തേണ്ടുന്ന ആവിശ്യകത നാം പ്രേക്ഷകർക്കാണുള്ളത്.

              പലരുടേയും സംസാരങ്ങളിലും , പ്രവർത്തികളിലും വന്നുപോവുന്ന നേരിയ തെറ്റുകളെയും, പോരാഴ്മകളേയും പെരുപ്പിച്ചുകാണിച്ച് കൂലങ്കശമായ ചർച്ചകൾ നടത്തി സമൂഹമത്തിനിടക്കു കോലാഹളങ്ങളും അരക്ഷിതാവസ്ഥയും സൃഷ്ടിക്കുകയാണു മാധ്യമങ്ങൾ. ദേശീയ ചാനലുകളെ അപേക്ഷിച്ച് മലയാളം ചാനലുകൾ ഇത്തരം കാര്യങ്ങൾക്ക് വളരെ മുന്നിൽനിൽക്കുകയാണു. രാജ്യത്തെ അവശതയനുഭവിക്കുന്നവരുടെ ശബ്ദം ഏറ്റടുക്കാനോ, മർദ്ദിതരുടെ വേദനയേറ്റടുക്കാനോ ഇവിടെ മാധ്യമങ്ങളില്ല. രാജ്യപുരോഗതിക്ക് കാരണാമാവേണ്ടുന്ന കാഴ്ച്ചകൾ ചാനൽ ക്യാമറയിൽ പതിയുന്നില്ല. പകരം ഭരണക്കാരെ എങ്ങനെ താഴെയിറക്കാം , താഴെയുള്ളവനെ എങ്ങനെ മേലെകയറ്റാം എന്ന ചിന്തയാണെപ്പോഴും. ഇനി സ്വസ്ഥ്മായി ഒരാളെ വല്ലതും ചെയ്യാനുമനുവദിക്കില്ല. പഴയ വല്ല സുന്ദരികളുമായി പൊതിഞ്ഞുവെച്ച മസാലകൾ കെട്ടഴിച്ചുവിടാൻ അപ്പോളുമെത്തൂം ഈ ചാനൽ കൂട്ടങ്ങൾ. കൊലയാളിയെ താരമാക്കാനും, മോഷ്ട്ടാവിനെ മിടുക്കനാക്കാനും ഇവർ മത്സരിക്കും. വല്ലതും എതിർത്താൽ എതിർത്തവനെ ന്യൂസ് അവറിലിട്ട് നാറ്റിക്കും.. എന്നിട്ട് ഒന്നും കേൾക്കുന്നില്ലാന്ന് മൂന്നുവട്ടം വിളിച്ചുപറഞ്ഞ് ഷോർട്ട് ബ്രേക്കിട്ട് മൂത്രമൊഴിക്കാനെണീക്കും. അതാണു നമ്മുടെ ചാനൽ എഡിറ്റർ.

  ജനാധിപത്യത്തിന്റെ നെടുംതൂണാണു മാധ്യമങ്ങൾ;ഇന്നത്തെ മാധ്യമങ്ങൾ പക്ഷെ തങ്ങളുടെ കടമ മറക്കുന്നു.. വാർത്തകൾ സൃഷ്ട്ടിക്കുന്നതിൽ വിജയിക്കുന്ന ചാനലിനേക്കാൾ നാം ആഗ്രഹിക്കേണ്ടത് വാർത്തകളെ സ്നേഹിക്കുന്ന ചാനലുകളെയാവട്ടെ.

Monday, 20 February 2012

പിടിവള്ളി തേടുന്ന കാന്തപുരം..

                      
                           ആദരണീയനായ   മുഹമ്മദ്‌ നബി (സ)-യുടെ  കേശമാണെന്ന്   പറഞ്ഞു ഒരു മുടിക്കെട്ടുമായി  വന്നു  കേരള  മുസ്ലിം   ജനസാമാന്യത്തിന്റെ   ആത്മീയതയെ  മാര്‍ക്കെറ്റു  ചെയ്യാന്‍  ഒരുങ്ങിത്തിരിച്ച  കാന്തപുരം  മുസ്ലിയാര്‍   വരുത്തിവെച്ച  ബഹളങ്ങള്‍  അത്രപ്പെട്ടന്നൊന്നും  കെട്ടടങ്ങാന്‍  പോവുന്നില്ല.   തിരുകേശ  വിവാദം  തനിക്കു   ചാര്‍ത്തിത്തന്ന  മോശം  പ്രതിച്ചായ എങ്ങനെയെങ്കിലുമൊന്നു  മായ്ച്ചുകളയാന്‍   ആവതു മെനക്കെടുന്ന  കാന്തപുരത്തിന്,  സഖാവ്  പിണറായി വിജയന്‍ ഒരുപിടിവള്ളി ഇട്ടു കൊടുത്തു രംഗം വീണ്ടും സജീവമാക്കുന്നു.....?! 
                              
                                ഏതു മുടിയും  കത്തിച്ചാല്‍ കത്തുമെന്നാണ് സ്വന്തം മുടിയില്‍ നിന്നും ഒരെണ്ണം പൊക്കിപ്പിടിച്ച് സഖാവ് ആണയിട്ടിരിക്കുന്നത് . ഇപ്പോഴത്തെ പ്രതേക സാഹചര്ര്യത്തില്‍     പിണറായി  ഉദ്ദേശിച്ചത്   പന്ന്യന്‍ രവീന്ത്രന്റെ   മുടിയാണെന്ന്  ആദ്യ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും  അത്   ദോഷൈകദൃക്കുകളുടെ  പ്രചാരണമാണെന്നും   സഖാവ് ഉദ്ദേശിച്ചത്  കാന്തപുരത്തിന്റെ  മുടിതന്നെയാണെന്നും  പിന്നീട് AKG  സെന്ററില്‍  നിന്നും സ്ഥിരീകരണമുണ്ടായി...!    ഇത്തരം കാര്യങ്ങളൊക്കെ  അല്പമെങ്കിലും വായ തുറന്നു പറയാന്‍ കഴിയുന്നത്‌  ചെങ്കൊടി കയ്യില്‍പിടിച്ചവര്‍ക്കാണല്ലോ. 

           കാന്തപുരമാവട്ടെ ഇതൊരു  ആശ്വാസ വചനമായിട്ടാണ് കണ്ടിരിക്കുന്നത്. ഏതായാലും കാന്തപുരത്തിന്റെ മുടി മുക്കിയ വെള്ളം കുടിക്കാനായിട്ട്   സഖാക്കളൊന്നും  വരില്ലാന്ന് കാന്തപുരത്തിന് നേരത്തെ അറിയാം . അപ്പൊ പിന്നെ അവുടെ മുന്നില്‍ മുടി കത്തിക്കാന്‍ പോയിട്ട്  ഒരു  ദിനേശ്  ബീഡി കത്തിക്കാന്‍ പോലും കാന്തപുരം  തീപെട്ടി  ഉരസില്ല....!! പാര്‍ട്ടിയുടെ സെക്രട്ടറി സ്ഥാനം വീണ്ടും കയ്യില്‍വെച്ചു  പാര്‍ട്ടി  കോണ്‍ഗ്രെസ്സിനൊരുങ്ങുന്ന  സഖാവ്  പിണറായി  മതങ്ങളെ നോട്ടമിട്ടു  കറങ്ങുന്നുണ്ട് ..  തന്നെക്കൊണ്ടാവുന്നതൊക്കെ പയറ്റിനോക്കി  മതത്തില്‍ ശുദ്ധികലശം നടത്തുകയാണ് ലക്ഷ്യം..  സാക്ഷാല്‍ യേശു ക്രിസ്തുവാണല്ലോ   ഇപ്പൊ ഗുരു ....?!

                          പക്ഷെ മതത്തില്‍  കയ്യിട്ടാല്‍ ആ കൈ ഒടിക്കാന്‍  ഒട്ടും താമസം ഉണ്ടാകില്ലെന്ന് കാന്തപുരം തിരിച്ചടിച്ചു.  കഴിഞ്ഞ രാത്രി  "ഇശാ"  നമസ്കാരത്തിന്റെ  നേരത്ത് പിണറായി പറഞ്ഞ വാചകത്തിന് ഇന്ന്  സുബഹിക്കുതന്നെ  മറുപടി കൊടുത്താണ്  ഉസ്താത്  തന്റെ  നിലപാട്  വ്യക്തമാക്കിയിരിക്കുന്നത് .. ..!    അതിനിത്ര  ആവേശം കാണിക്കുന്നത് കാണുമ്പോള്‍ തന്നെയറിയാം ഉസ്താത്   ഒരു    "ടോയിലെറ്റ് "  കാണാന്‍ കാത്തിരിക്കുകയായിരുന്നു ഓടിക്കയറാനെന്നു ; അത്രയ്ക്ക് കലശലായ ബുദ്ധിമുട്ടിലായിരുന്നു ഉസ്താത് ...!!  ഇനി ഈ  വിഷയം  എങ്ങനെയെങ്കിലും വഴി തിരിച്ചുവിട്ടു  ചര്‍ച്ചകള്‍   മുഴുവന്‍ സഖാവിനു മതത്തില്‍ വല്ല അഭിപ്രായവും പറയാന്‍ അവകാശമുണ്ടോ എന്ന  തലത്തിലേക്ക്  എത്തിക്കാക്കാനുള്ള  പിടിവള്ളിയായിട്ടാണ്  കാന്തപുരം ഇതിനെ കാണുന്നത് . അതിനിടക്ക് " തന്റെ മുടി " വിഷയം   കുറച്ചു ആളുകളെങ്കിലും മറന്നു കിട്ടട്ടെ എന്ന തികച്ചും  " ന്യായമായ "  ആഗ്രഹമാണ്  അദ്ദേഹത്തിനുള്ളത് .  

                             മതത്തില്‍ അഭിപ്രായം പറയാന്‍ രാഷ്ട്രീയക്കാര്‍ക്ക്  ഒട്ടും അവകാശമില്ല  എന്ന കാന്തപുരത്തിന്റെ   നിലപാട്  പുതിയതൊന്നുമല്ല .. ഈ വിഷയം ഇതിനു മുന്‍ബും പലതവണ ചര്‍ച്ചയായതാണല്ലോ.    ഈ ചര്‍ച്ച  വന്നാല്‍ ആരൊക്കെ  ഏതൊക്കെ  ചേരിയില്‍  നിലയുറപ്പിച്ചു വാചകമടിക്കും   എന്നുള്ളത്   നേരത്തെ  എല്ലാവര്‍ക്കും അറിവുള്ളതാണ് .   "മുടി "  വിവാദത്തില്‍  കാന്തപുരത്തെ  വെട്ടിലാക്കിയ  " സകല മൊല്ലമാരും "    മതത്തില്‍  രാഷ്ട്രീയം ഇടപ്പെട്ടാല്‍  ഒരേ  പ്ലാറ്റ്ഫോര്‍മില്‍  ഉണ്ടാവും .  മൊല്ലമാര്‍  മാത്രമല്ല   സ്വാമിമാരും  മെത്രാപ്പോലീത്തമാരും   ഈ  വിഷയത്തില്‍  പിണറായി  വിജയന്  നേരെ  നാല്  തെറിപറഞ്ഞാല്‍   അതിന്റെ ക്രെടിറ്റ്‌  ഉസ്താതിനു ചാര്‍ത്തിക്കൊടുക്കാന്‍ ആളുണ്ടാവുമിവിടെ ..  
         ഇനി  ആരെങ്കിലും  മൗനം  പാലിച്ചാല്‍   ആ  ഒഴിവിലും ഒരു  ഗോളടിക്കുവാന്‍  അറിയുന്നവനാണ്  കാന്തപുരം .  അത് കൊണ്ട് തന്നെ   " മുടി "  വിഷയത്തില്‍   ഉസ്താതിനെ വട്ടം കറക്കിയവരും   പിണറായിയുടെ   മതത്തിലുള്ള   കയ്യേറ്റത്തിനെതിരെ   പ്രതികരിക്കാന്‍  നിര്‍ബന്ധിതരാവും .   തത്വത്തില്‍   അത്തരത്തിലുള്ള  ഒരു താല്‍കാലിക  ഐക്യകൂട്ടത്തിലെങ്കിലും ഒരു   ഇടം  കിട്ടട്ടെ   എന്നായിരിക്കും   കാന്തപുരം  ഇപ്പൊ  ആഗ്രഹിക്കുന്നത് .  അത് കൊണ്ടുതന്നെയാണ്   ഇപ്പൊ കിട്ടിയ ഈ പിടിവള്ളിയില്‍  കാന്തപുരം തൂങ്ങി കിടക്കുന്നത് നാം കാണേണ്ടി വന്നത് . 
                  കാന്തപുരത്തിന് ഈയൊരു സഹായം പിണറായി അറിഞ്ഞു ചെയ്തുകൊടുത്തതാവാനും  വഴിയുണ്ട് . അങ്ങനെയങ്ങ്  കൈവിട്ടുപോവാന്‍  പറ്റുന്ന ബന്ധമാല്ലലോ  ഉസ്താതിനും സഖാവിനും ഉള്ളത് ....?!