Saturday 13 September 2014

ചൂണ്ടുവിരൽ



ചൂണ്ടുവിരൽ അയാൾ ചൂണ്ടാൻ ഉപയോഗിക്കാറില്ല. 
തള്ളവിരലിന്റെ ഓരം പറ്റിനിൽക്കുന്ന ചൂണ്ടുവിരലിനെ അവളോർമ്മിപ്പിച്ചപ്പോൾ
അയാളാദ്യം തന്നിലേക്കു നോക്കി.

ചൂണ്ടുവിരലൊരു സാക്ഷിയാണു.
ജീവിതത്തെ പച്ചയായി കൊന്നപ്പോൾ
അയാളിലെ തോന്ന്യാസിയെ ചൂണ്ടിക്കാണിച്ചവൻ

ചിന്തകളുടെ സംഘർഷം കോപ്പുകൂട്ടിയപ്പോൾ
അയാൾ ലഹരിക്കടിമയായി.
ലഹരി കൊന്നു തള്ളിയപ്പോഴും ചൂണ്ടുവിരലിനു ജീവനുണ്ടായിരുന്നു.
അതെയാളെത്തന്നെ ചൂണ്ടിക്കാണിച്ചുകൊണ്ടിരുന്നു...?!

അമർഷം അയാളിൽ സ്‌ഫോടനം തീർത്തതുപക്ഷെ ചൂണ്ടുവിരലറിഞ്ഞില്ല.
ചുറ്റുപാടുകൾ നോക്കിയപ്പോൾ മറ്റനേകം ചൂണ്ടുവിരലുകൾ ചൂണ്ടിനിൽക്കുന്നുണ്ട്‌.
അതൊന്നും പക്ഷെ ചൂണ്ടേണ്ട ദിശയിലേക്കൊന്നുമല്ല തിരിഞ്ഞുനിൽക്കുന്നത്‌
ചൂണ്ടിക്കാണിക്കാൻ ആവോളം ഉള്ളേടത്ത്‌ ചൂണ്ടുവിരലുകൾ എണ്ണത്തിൽ കുറവ്‌ കാണിക്കുന്നു

ഉറച്ചൊരു നിൽപിനു ചൂണ്ടുവിരലിന്റെ താങ്ങയാൾക്കു ലഭിക്കുന്നില്ല.
മരണം വന്നു വിളിച്ചപ്പോൾ മുകളിലേക്ക്‌ വിരൽ ചൂണ്ടി ദൈവത്തെ
ചോദ്യം ചെയ്താണു കീഴടങ്ങിയത്‌...!

No comments:

Post a Comment