Thursday 9 October 2014

നിലപാട്


* 2014-ലെ ലോകസഭ തെരഞ്ഞടുപ്പ് കാലത്തുനിന്നും 


                      


പ്രചരണ ഭാഗമായി ഇന്ന് ജമാഅത്തെ ഇസ്ലാമിക്കാരാണ് വോട്ട് തേടി രാവിലെത്തന്നെ വീട്ടിലെത്തിയത്.

വോട്ടഭ്യർത്ഥിച്ച അവരോട് ഞാനൊരു സാങ്കല്പിക ചോദ്യം ചോദിച്ചു.
(ജമാഅത്തെ ഇസ്ലാമിക്കാരോട് സാങ്കല്പിക ചോദ്യങ്ങൾ ചോദിക്കാനേ നിർവാഹമുള്ളൂ ...!) . ജമാഅത്തെ ഇസ്ലാമിക്കാർ പൊന്നാനിയിൽ നിന്നും മത്സരിപ്പിക്കുന്ന സ്ഥാനാർത്ഥി ജയിച്ചു കയറി ഡൽഹിലെത്തിയാൽ കേന്ദ്രത്തിൽ ഭരണം നടത്താൻ ആരെ പിന്തുണക്കും എന്നായിരുന്നു ചോദ്യം ..

അതിനെനിക്ക് ആദ്യം കിട്ടിയ മറുപടി ഒരു എം ,പിക്ക് ഏതെങ്കിലും സർക്കാരിനെ പിന്തുണക്കണമെന്ന് ഭരണഘടനയിൽ എവിടെയും പറയുന്നില്ല എന്നാണ് ...! അംബേദ്ക്കർ എഴുതിയ ഭരണഘടന ഞാനിതുവരെ വായിച്ചിട്ടില്ലാത്തതിനാൽ ഞാൻ തലകുലുക്കി സമ്മതിച്ചു .

കോണ്‍ഗ്രസ്സ് നേതൃത്വം നൽകുന്ന UPA യെ പിന്തുണക്കുമോ എന്ന് ചോദിച്ചപ്പൊ കോണ്‍ഗ്രസുകാരും മുസ്ലിം ലീഗുകാരും ജയിലിലടച്ച ഒന്നര ലക്ഷം ആളുകളുടെ കണക്ക് പറഞ്ഞു ...

ഗുജറാത്ത് മുഖ്യമന്ത്രിയും തീവ്രഹിന്ദുത്വവാദിയുമായ നരേന്ദ്ര മോഡിയെ പിന്തുണക്കുമോ എന്നാരാഞ്ഞപ്പൊ അതിനെന്താ കുഴപ്പം എന്നാണു തിരിച്ചു ചോദിച്ചത് ..!

ഇനിയതല്ല പ്രകാശ് കാരാട്ട് സ്വപ്നം കാണുന്ന മൂന്നാം മുന്നണിക്ക്‌ പിന്തുണ നൽകുമോ എന്നതിന് അതിപ്പൊത്തന്നെ പറയേണ്ടുന്ന കാര്യമല്ല എന്ന മറുപടിയും കിട്ടി .

പ്രത്യേകിച്ചൊരു ദേശീയ കാഴ്ച്ചപ്പാടും പുറത്തു പറയാതെ പിന്നെന്തിനാണ് ഇവിടെ നിങ്ങൾ മത്സരിക്കുന്നതെന്ന് ചോദിച്ചപ്പൊ പൊന്നാനിയിൽ ഞങ്ങൾക്ക് രണ്ടായിരം വോട്ടുണ്ട് അത് ചിലയാളുകൾക്ക് ബോധ്യപ്പെടുത്തി കൊടുക്കാനാണെന്ന് പറഞ്ഞു ....!! അവർ തങ്ങളുടെ ചിഹ്നമായി തെരഞ്ഞടുത്തിരിക്കുന്നത് ഗ്യാസ് സിലിണ്ടറാണെന്ന  വിവരവും അതിനിടക്ക് എന്നെ ഓർമ്മപ്പെടുത്തിയിരുന്നു....!    

കനത്ത ചൂടിൽ പ്രചരണത്തിനറങ്ങിയ പ്രിയ സുഹൃത്തുക്കളെ അല്പം വെള്ളം കുടിക്കാൻ നിർബന്ധിച്ചപ്പൊ ഇനിയും ഒരുപാട് വീടുകളിൽ എത്താനുണ്ടെന്ന് പറഞ്ഞു അവർ അടുത്തയാളെ ലക്ഷ്യമാക്കി നടന്നു .

അതേ സമയം തൊട്ടുടുത്ത വീട്ടിൽ ഒരു വണ്ടി നിറയെ ഗ്യാസ് സിലിണ്ടറുകളുമായി ഗ്യാസ് ഏജൻസിക്കാരൻ വന്നു നിന്നു ... ചായിപ്പിനടുത്ത് ഒതുക്കി വെച്ചിരുന്ന കാലി സിലിണ്ടെറെടുത്ത് വണ്ടിയിലേക്ക് നിസ്സാരമായൊരേറെറിഞ്ഞു ... ഒരുപാട്‌ സിലിണ്ടറുകൾക്കിടയിൽ അതിന് ഒതുങ്ങാൻ പറ്റിയൊരിടത്ത് അത് കൃത്യമായി ഒതുങ്ങി നിന്നു. അത്രയും നേരം ഞങ്ങളുടെ സംസാരം ശ്രദ്ധിച്ച് വാതിലിനടുത്ത് നിന്നിരുന്ന ഭാര്യ പല്ല് കാണിക്കാതെ ഒന്ന് ചിരിച്ച് അകത്തേക്ക് പോയി .

No comments:

Post a Comment