Friday 21 October 2016

ആദ്യം പൂട്ടേണ്‌ടത്‌ വള്ളിക്കുന്നിലെ മദ്രസകളായിരിക്കില്ലേ..

അപ്പറഞ്ഞതുമാത്രമാണ് ശരിയെങ്കിൽ ആദ്യം അടച്ചുപൂട്ടേണ്ടത് വള്ളിക്കുന്നിലെ മദ്രസകളായിരിക്കില്ലേ..






 അടുത്തിടെ ഉയർന്നുവന്ന ഇസ്്‌ലാമിക് പ്രീ-സ്്്കൂളുകളെ വിമർശിക്കുകയും പരിഹസിക്കുകയും ചെയ്യുന്ന ഫേസ്ബുക്ക് പോസ്റ്റ് കാണാനിടയായി.
എന്റെ മകളെ ഞാൻ പറഞ്ഞയക്കുന്നത് തിരൂരങ്ങാടിയിലുള്ള അത്തരത്തിലൊരു സ്ഥാപനത്തിലാണെന്നതിനാൽ ചില കാര്യങ്ങൾ പങ്കുവെക്കുന്നു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നേരത്തെ നിലവിലുള്ള ഈ സമ്പ്രദായം ഏതാനും വർഷം മുൻപാണ് ഇന്ത്യയിൽ തുടങ്ങിയത്.ഈ സ്ഥാപനങ്ങളെ ഇപ്പോൾ വിമർശിക്കാനിറങ്ങിയിരിക്കുന്നവരുടെ ഇഷ്ടസുഹൃത്തും നേതാവും മാതൃകാ പുരുഷുനുമൊക്കെയായ ഡോ.ഹുസൈൻ മടവൂർ നേതൃത്വം നൽകുന്ന മുജാഹിദ് വിഭാഗത്തിലെ പണ്ഡിതരും പ്രവർത്തകരും മുൻകയ്യെടുത്താണ് കോഴിക്കോടിനടുത്തുള്ള സ്ഥലം കേന്ദ്രമാക്കി ഈ സ്ഥാപനങ്ങൾ ഇന്ത്യയിൽ തന്നെ ആദ്യമായി പരിചയപ്പെടുത്തിയതും ഇപ്പോൾ വ്യാപിപ്പിച്ചുകൊണ്ടിരിക്കുന്നതും. ഈ കേന്ദ്രത്തിന് കീഴിലാണ് ഇന്ത്യയിലെ മറ്റുസ്ഥാപനങ്ങളെല്ലാം പ്രവർത്തിക്കുന്നതെന്നാണ് മേധാവികളുടെ സംസാരത്തിൽ നിന്നും മനസ്സിലായത്. അധ്യാപകർക്കുള്ള പരിശീലനവും കുട്ടികൾക്കുള്ള പുസ്തകങ്ങളടക്കമുള്ള സ്റ്റഡിമെറ്റീരിയലുകളും നൽകുന്നതും അവരാണ്.

മടവൂർ വിഭാഗം കെ.എൻ.എം.സംസ്ഥാന പ്രസിഡന്റ് സി.പി.ഉമർ സുല്ലമി,വൈസ് പ്രസിഡന്റ് ഡോ.ഇ.കെ.അഹമ്മദ് കുട്ടി തുടങ്ങിവർ നേതൃത്വം കൊടുക്കുന്ന തിരൂരങ്ങാടിയിലെ സ്‌കൂളിലാണ് എന്റെ മകൾ പോകുന്നത്.

ഇപ്പോൾ പ്രചരിപ്പിക്കപ്പെടുന്ന അപകടങ്ങളൊന്നും ഈ സ്ഥാപനങ്ങൾക്കില്ലെന്നാണ് അനുഭവം.മതം പരിശീലിക്കുന്നത് ചെറുപ്പത്തിലായാലും വലിപ്പത്തിലായാലും അപകടമാണെന്ന് അഭിപ്രായമുള്ളവർക്ക് ഇത് അപകടമായി തോന്നുമെന്നത് സ്വാഭാവികം.

ഖുർആൻ നോക്കി വായിക്കുന്നതിനും ചെറിയൊരുഭാഗം ഹൃദ്യസ്ഥമാക്കുന്നതിനുമുള്ള പരീശീലനം ഇവിടെ നൽകുന്നുണ്ട്. മലയാളം,അറബി,ഇംഗ്ലീഷ് ഭാഷകളുടെ പ്രാഥമിക പഠനം,ഡ്രോയിങ്ങ്/കളറിങ് പരിശീലനം.മലയാളം,ഇംഗ്ലീഷ്,അറബി നഴ്‌സറി ഗാനങ്ങളുടെ പരീശീലനം,സർഗാത്മകമായ കഴിവുകൾ വളർത്തുന്നതിനുതകുന്ന മത്സരങ്ങൾ,കളിക്കുന്നതിനും ഉല്ലസിക്കുന്നതിനുമുള്ള സംവിധാനങ്ങളും സമയവും,പോഷകാഹരങ്ങൾ കഴിക്കുന്നതിനുള്ള സൗകര്യം തുടങ്ങിയവ ഈ നഴ്്‌സറിയിൽ നൽകുന്നുണ്ട്.ഉച്ചക്ക് ഒന്നരവരെയാണ് പ്രവർത്തന സമയം.

മുസ്‌ലിം എന്ന നിലക്കുള്ള ധാർമിക ചിട്ടകളുടെ പ്രാഥമികമായ ചില കാര്യങ്ങൾ ശീലമാക്കാൻ സഹായിക്കുന്ന തരത്തിലാണ് സിലബസ്.മുൻകാലത്ത് മദ്രസയിൽ നിന്ന് ശീലിപ്പിച്ചവ പുതിയ രൂപത്തിൽ കുറച്ചുനേരത്തെ ശീലിപ്പിക്കുന്നുവെന്നു ചുരുക്കം.ഇസ്‌ലാംമത വിശ്വാസിയായ ഒരു രക്ഷിതാവ് ഈ സ്ഥാപനം ഇഷ്ടപ്പെടാൻ കാരണം ഇതായിരിക്കാം.ഇവിടത്തെ പഠനത്തിന് ശേഷം മറ്റു സ്‌കൂളുകളിൽ അത്് എവിടെയായിരുന്നാലും പഠനം തുടരാനുതകുന്ന തരത്തിലുള്ള നഴ്‌സറിതല പഠനമാണ് നൽകുന്നത്.

ഭക്ഷണം കഴിക്കുന്നതിന് മുൻപും ശേഷവും കൈ കഴുകണമെന്നും,ദൈവത്തിന്റെ നാമം ഉച്ചരിച്ചാണ് കഴിക്കുന്നത് ആരംഭിക്കേണ്ടതെന്നും,കഴിക്കുന്നതിനിടെ അനാവശ്യമായി സംസാരിക്കരുതെന്നും,കഴിച്ചുകഴിഞ്ഞാൽ ദൈവത്തിന് നന്ദി പറയണമെന്നും നാലുവയസ്സായ മകൾ ശീലിച്ചിട്ടുണ്ട്. 

ടോയ്്‌ലെറ്റിൽ  കയറുമ്പോൾ നിർബന്ധമായും ചെരിപ്പ് ധരിക്കണമെന്നും,ഉറങ്ങുന്നതിന് മുൻപും എണീറ്റതിന് ശേഷവും ബ്രഷ് ഉപയോഗിച്ച് പല്ലുതേക്കണമെന്നും അവൾ ശീലിച്ചിട്ടുണ്ട്.

ഉപ്പയുടെ അസുഖം ശരിക്കും മാറ്റിക്കൊടുക്കണേ പടച്ചവനേ എന്നവൾ കൈ ഉയർത്തി പ്രാർഥിക്കാറുണ്ട്.മുതിർന്നവരെ നീ എന്ന് വിളിക്കരുത് നിങ്ങൾ എന്നാണ് വിളിക്കേണ്ടതെന്ന് അവൾക്കറിയാം.

മൊബൈലിൽ അധികനേരം കളിച്ചിരിക്കാൻ പാടില്ല എന്ന് എന്നെ നോക്കി അവൾ പലതവണ  പറഞ്ഞതിനാൽ ഫെയ്‌സബുക്കിലും വാട്ട്‌സാപ്പിലും ഇറങ്ങി നടക്കുന്ന സമയം ഞാൻ കുറച്ചിട്ടുണ്ട്.നല്ല ശീലങ്ങൾ പരിചയപ്പെടുത്തുക എന്നതുമാത്രമാണ് ഈ പഠനം കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് വ്യക്തം.കർശനമായ പഠനരീതികളോ നിർബന്ധിച്ചുള്ള വർക്കുകളോ ഒന്നുമില്ല.ക്ലാസ് റൂം മുഴുവൻ ഓടിനടന്ന് കളിച്ച് അല്പം പഠനം മാത്രമാണ് ഉള്ളത്.

കൊച്ചുടിവിയിലെ ഡോറയുടെ പ്രയാണവും,മാതൃഭൂമിയിലെ വക്രദൃഷ്ടിയും നല്ലവാർത്തയും,ഏഷ്യാനെറ്റിലെ മുൻഷിയും ഒരുമിച്ചിരുന്ന്് കാണാൻ ഞങ്ങൾക്ക്്് ഇപ്പോഴും പ്രയാസമുണ്ടാവാറില്ല.

പിണറായിയാണ് ഇപ്പോൾ മുഖ്യമന്ത്രി എന്നു പലതവണപറഞ്ഞു കൊടുത്തിട്ടും ഉമ്മൻചാണ്ടിയെ ടിവിയിലും പത്രത്തിലും കാണുമ്പോൾ ഇയാളാണ് മുഖ്യമന്ത്രിയെന്നാണ് അവളിപ്പോഴും പറയുന്നതെന്ന പ്രശ്‌നമുണ്ടെന്ന് മാത്രം.(അതുചില കോൺഗ്രസുകാർക്കും ലീഗുകാർക്കും ഉണ്ടെന്ന് കേട്ടിട്ടുണ്ട്.)

മാതൃഭൂമി പത്രത്തിലെ സുഡോക്കു സ്ഥിരമായി കളിക്കുന്ന നസ്്‌രിക്കൊപ്പം അവളും സീരിയസ്സായി കുത്തിവരക്കാറുണ്ട്.മായാവിയും ലുട്ടാപ്പിയും അവളുടെ ഇഷ്ടകഥാപാത്രങ്ങളാണ്.നിവിൻ പോളിയെയും ദുൽഖറിനെയുമാണ് കൂടുതൽ ഇഷ്ടം.മമ്മുട്ടിയെയും മോഹൻലാലിനെയും അവൾക്കറിയില്ല.അല്പം ക്ലാസിക്കൽ ടച്ചുള്ള ഗാനങ്ങൾ കേട്ടിരിക്കാനാണ് ഇഷ്ടം.

മുസ്‌ലിംകളെല്ലാത്തവരെയൊന്നും നോക്കരുതെന്ന് പറയുന്നതോ,ബോംബുണ്ടാക്കാൻ ശ്രമിക്കുന്നതോ ഇതുവരെ ശ്രദ്ധയിൽപ്പെട്ടിട്ടില്ല.കഴിഞ്ഞ സ്വാതന്ത്ര്യ ദിനത്തിലും പതാക വേണമെന്ന് പറഞ്ഞ് വാശിപിടിച്ചിരുന്നു.ഞാൻ എന്റെ രാജ്യത്തെ സ്‌നേഹിക്കുന്നു,എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരിസഹോദരങ്ങളാണ് എന്നുതുടങ്ങുന്ന പ്രതിജ്ഞയാണ് അവളുടെ പാഠപുസ്തകത്തിന്റെ ആദ്യപേജിലുളളത്.അല്ലെങ്കിലും ഈ കുരുന്നുകളിൽ എന്ത് കുത്തിക്കയറ്റാൻ ആവുമെന്നാണ് നിങ്ങൾ പറയുന്നത്.

 ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളെന്ന പേരിൽ നേരത്തെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെ നടത്തിപ്പ് പൊളിച്ചെഴുതുന്ന രീതി പിന്തുടരുന്നതിനാൽ ഇത്തരം സംരംഭങ്ങൾക്കെതിരെ ചില നീക്കങ്ങൾ നടക്കുന്നതായി ചിലർ സംശയം പ്രകടിപ്പിച്ചു.ബഹുസ്വര സമൂഹത്തിന്റെ ഗുണത്തിന് അത്തരം സ്ഥാപനങ്ങൾ നൽകുന്ന സംഭാവനയെന്താണെന്ന് പറഞ്ഞ്  ആകുലപ്പെടുന്ന വിമർശക മതേതരവാദികളെയൊന്നും കാണുന്നുമില്ല.

അതാത് മതമേധാവികൾ തങ്ങളുടെ ചട്ടക്കൂടിൽ പൊതുവിദ്യാലയങ്ങളെന്ന പേരിൽ നിരവധി സ്ഥാപനങ്ങൾ നാട്ടിൽ കാലങ്ങളായി പ്രവർത്തിപ്പിക്കുന്നുണ്ട്.എല്ലാ വിഭാഗം മതവിശ്വാസികളും കൊച്ചുകുട്ടികൾക്കും മുതിർന്നവർക്കും ധാർമിക വിദ്യാഭ്യാസം നൽകുന്നുമുണ്ട്.മുസ്‌ലിംകൾ മാത്രമല്ല ഇതുചെയ്യുന്നതെന്ന വാദത്തിന് പ്രചാരം നൽകാൻ ആളില്ലെന്ന് മാത്രം.

പൊതുവിദ്യാലയങ്ങളിൽ പഠിച്ചാൽ എല്ലാം തികഞ്ഞുവെന്നാണ് പറയുന്നതെങ്കിൽ എങ്ങനെയാണ് ശംസുദ്ദീൻ പാലത്തിനും ശശികല ടീച്ചർക്കും മുജാഹിദ് ബാ ലുശ്ശേരിക്കും,  ഡോ.എന്‍.ഗോപാലകൃഷ്‌ണഌം ഇത്രയധികം ജനപിന്തുണ കിട്ടുന്നത്.അപകടകരമായ രീതിയിൽ സാമൂഹ്യമാധ്യമങ്ങൾ വഴിയും അല്ലാതെയും  മതസ്‌പർദ്ധ വളർത്തുന്ന പ്രചാരണങ്ങൾ നടത്തുന്ന യുവാക്കളും മുതിർന്നവരുമൊക്കെ എവിടെനിന്നും പഠിച്ചിറങ്ങിയവരാണ്.പുറമെക്ക് മതേതര കുപ്പായമിട്ട് അടുത്തിടെ മാന്യത കൂടുതലായി കാണിക്കുന്ന മുസ്‌ലിംകൾക്കിടയിലെത്തന്നെ ചില പാരമ്പര്യവാദികളുടെയൊക്കെ ഉള്ളിലിരിപ്പ് എന്താണെന്നറിയാൻ വളരെ എളുപ്പമാണെന്നാണ് എന്റെ അനുഭവം.ഇതൊക്കെ ഇങ്ങനെ സംഭവിക്കുന്നതിലെ കാരണമെന്താണ്.

മനുഷ്യനെയും നാടിനെയും സ്‌നേഹിക്കാൻ പഠിപ്പിച്ച പ്രവാചകന്റെ അനുയായികൾക്ക് മതത്തെ തള്ളിപ്പറയാതെത്തന്നെ നല്ല മതേതരനാവാൻ കഴിയും.കയ്യടി അല്പം കുറവായിരിക്കുമെന്നുമാത്രം.

മതം വിശ്വാസം തന്നെ വേണമെന്നില്ല എന്നവാദമുള്ളവർക്ക് ഇതിനെ പൂർണമായും വിമർശിക്കാൻ അവകാശമുണ്ട്.

മതം അല്പം പഠിക്കാനൊരുങ്ങുമ്പോഴേക്ക് ഭീകരവാദം പറഞ്ഞ് കണ്ണുരുട്ടാനാണ് തീരുമാനമെങ്കിൽ  ഇന്നാട്ടിൽ ആദ്യം അടച്ചുപൂട്ടേണ്ടത് വള്ളിക്കുന്നിലടക്കമുള്ള മദ്രസകളായിരിക്കില്ലേ. അതെന്താ ഇവരൊന്നും അത്രപെട്ടന്ന് പറയാത്തത്്..? 

 നെഹ്്‌റിനും കൂട്ടുകാരും മേൽപറഞ്ഞ സ്‌കൂളിൽ ഊഞ്ഞാലാടുന്നതാണ് പടം.

Facebook link 

https://m.facebook.com/story.php?story_fbid=1203257413071461&id=100001616400259&ref=bookmarks