Sunday 23 November 2014

ധീരദേശാഭിമാനിയുടെ സ്മരണയിൽ എ.ആർ .നഗർ പഞ്ചായത്ത്



 *23/11/14-ന് അബ്ദുറഹ്മാൻ സാഹിബിന്റെ ചരമ ദിനത്തിൽ മാതൃഭൂമി പ്രസിദ്ധീകരിച്ച സ്പെഷൽ റിപ്പോർട്ടിന്റെ പൂർണ്ണ രൂപം .  

               അബ്ദുറഹ്മാൻ നഗർ നിവാസികൾക്കിപ്പോഴും ധീരമായ സ്വാതന്ത്ര്യസമര ചരിത്രങ്ങളോട് അടങ്ങാത്ത ആവേശമാണ്. തങ്ങളുടെ ഗ്രാമത്തിന്റെ പേരുതന്നെ അബ്ദുറഹ്മാൻ നഗർ (എ.ആർ.നഗർ ) എന്നാക്കി മാറ്റിയവരാണവർ.

                     മലപ്പുറം ജില്ലയിലെ കൊടുവായൂർ എന്നറിയപ്പെട്ടിരുന്ന പ്രദേശമാണ് പിന്നീട് അബ്ദുറഹ്മാൻ നഗർ എന്നറിയപ്പെട്ട് തുടങ്ങിയത്.സ്വാതന്ത്ര്യ സമര സേനാനിയും കോണ്‍ഗ്രസ്സ് നേതാവുമായിരുന്ന മുഹമ്മദ്‌  അബ്ദുറഹ്മാൻ സാഹിബിന് കൊടുവായൂർ പ്രദേശവുമായി അടുത്ത ബന്ധമാണ് ഉണ്ടായിരുന്നത്. മലബാറിലെ മാപ്പിളമാരെ ദേശീയ പ്രസ്ഥാനങ്ങളു മായി കൂടുതൽ അടുപ്പിച്ചു നിർത്തി ഇന്ത്യൻ സ്വാതന്ത്ര്യ സമരമുഖത്തേക്ക് എത്തിക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ചത് അബ്ദുറഹ്മാൻ സാഹിബായിരുന്നു. "മാപ്പിളനാട്" എന്ന പ്രയോഗം തന്നെ മലയാളഭാഷക്ക് സംഭാവന ചെയ്തത് സാഹിബായിരുന്നു എന്നാണ് ചരിത്രകാരന്മാർ രേഖപ്പെടുത്തിയിരിക്കുന്നത് ഏറനാട്,വള്ളുവനാട്,പൊന്നാനി താലൂക്കുകളി കളിലെ ജനസാമാന്യത്തെ തിരിച്ചറിയാൻ ഈ പദം വ്യാപകമായി ഉപയോഗിക്കപ്പെടുകയുണ്ടായി.

                             

 കൊടുവായൂരിലെ കോണ്ഗ്രസ്സിന്റെ സ്ഥാപക പ്രസിഡണ്ടും മാതൃഭൂമി,  പത്രത്തിന്റെ പ്രചാരകനുമായിരുന്ന   പി.പി.സി മുഹമ്മദ്‌ സാഹിബ് ,അബ്ദുറഹ്മാൻ സാഹിബുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന വ്യക്തിയായിരുന്നു. ഈ ബന്ധം സാഹിബിനെ കൊടുവായൂരുമായി കൂടുതൽ അടുപ്പിക്കുന്നതിനും തന്റെ പ്രവർത്തന വീഥിയിലെ പ്രധാനപ്പെട്ട ഒരിടമായി കാണുന്നതിനും കാരണമായി.കൊടുവായൂർ ദേശത്തോട് ചേർന്നുള്ള മമ്പുത്തെ  സയ്യിദ് കുടുംബത്തിലെ സയ്യിദലി തങ്ങളുമായി അടുത്തബന്ധവും സാഹിബിനുണ്ടായിരുന്നു. മമ്പുറം സയ്യിദുമാരെ നാടുകടത്തിയ നടപടിയോട് കടുത്ത അമർഷമുണ്ടായിരുന്ന അബ്ദുറഹ്മാൻ സാഹിബ് സയ്യിദ് കുടുംബത്തെ തിരികെ കൊണ്ടുവരാൻ ആഗ്രഹിച്ചിരുന്നു.

                       അബ്ദുറഹ്മാൻ സാഹിബിന്റെ സമകാലികരായിരുന്ന മൊയ്തു മൗലവി,കെ.മാധവ മേനോൻ,കുട്ടിമാളുഅമ്മ, കട്ടിലശ്ശേരി മുഹമ്മദ് മൗലവി തുടങ്ങിയവരൊക്കെ അക്കാലത്ത് കൊടുവായൂരുമായി നിത്യവും ബന്ധപ്പെട്ടിരുന്ന ആളുകളായിരുന്നു.അതുകൊണ്ട്തന്നെ അവിടം കോണ്‍ഗ്രസ്സിന് നല്ല വളക്കൂറുള്ള മണ്ണായിരുന്നു.

                         കൊടുവായൂരിലെ കോണ്ഗ്രസ്സ് നേതാവും എ.ആർ.നഗർ പഞ്ചായത്തിന്റെ പ്രഥമ പ്രസിഡണ്ടുമായിരുന്ന വി.അഹമ്മദ്‌ ആസാദിന്റെ ശ്രമഫലമായി 1962-ൽ മന്ത്രിയും അബ്ദുറഹ്മാൻ സാഹിബിന്റെ ശിഷ്യനുമായിരുന്ന പി.പി.ഉമ്മർ കോയയാണ് കൊടുവായൂരിന്റെ പേര് മാറ്റി അബ്ദുറഹ്മാൻ നഗർ  എന്നാക്കിയുള്ള ഉത്തരവിറക്കിയത് കൊടുവായൂരുകാരുടെ പോസ്റ്റാഫീസായിരുന്ന വി.കെ.പടി പോസ്റ്റാഫീസിന്റെ പേരും പിന്നീട് അബ്ദുറഹ്മാൻ നഗർ പോസ്റ്റാഫീസ് എന്നാക്കി മാറ്റി.

                            ഒരു വ്യക്തിയുടെ പേരിലറിയപ്പെടുന്ന പഞ്ചായത്ത് എന്ന അപൂർവ്വ നേട്ടവും എ.ആർ.നഗറിനുണ്ട്. മുഹമ്മദ്‌ അബ്ദുറഹ്മാൻ സാഹിബ് എന്നത് ബ്രിട്ടീഷുകാരെ ഭയപ്പെടുത്തിയ നാമമായിരുന്നു.അദ്ദേഹവുമായുള്ള സംസാരങ്ങൾ മിക്കപ്പോഴും ബ്രിട്ടീഷ് ഉദ്യോഗസ്ഥർക്ക് വാക്ക് തർക്കങ്ങളുടെ മൂർച്ചയിൽ പരിക്ക് പറ്റുന്ന സംഭവങ്ങളായിരുന്നു.ഒരിക്കൽ സയ്യിദലി സംഭവവുമായി ബന്ധപ്പെട്ട് കോഴിക്കോട്ടെ ബ്രിട്ടീഷ് ഡി.എസ്.പി-യുമായി സംസാരിക്കുന്നതിനിടയിൽ  "നീ ജയിൽ കണ്ടിട്ടുണ്ടോ ?"  എന്ന ചോദ്യത്തിന് "ഞാൻ കിടന്ന ജയിലുകളുടെ പേരുകൾ നീ കേട്ടിട്ടുണ്ടോ ?" എന്നാണ്‌ സാഹിബ് തിരിച്ചു ചോദിച്ചത്.

                            ദേശീയ മുസ്ലിം എന്നറിയപ്പെടാൻ ആഗ്രഹിക്കുന്ന അബ്ദുറഹ്മാൻ സാഹിബിന്റെ ആവേശം നെഞ്ചിലേറ്റിയ ജനങ്ങളിപ്പോഴും എ.ആർ.നഗറിലുണ്ട്.ധീരദേശാഭിമാനിയുടെ ഓർമ്മ ഇവിടത്തുകാർക്കിപ്പോഴും  ആവേശം നിറക്കുന്ന ചാലക ശക്തിയായി തുടരുന്നു.