Monday, 20 February 2012

പിടിവള്ളി തേടുന്ന കാന്തപുരം..

                      
                           ആദരണീയനായ   മുഹമ്മദ്‌ നബി (സ)-യുടെ  കേശമാണെന്ന്   പറഞ്ഞു ഒരു മുടിക്കെട്ടുമായി  വന്നു  കേരള  മുസ്ലിം   ജനസാമാന്യത്തിന്റെ   ആത്മീയതയെ  മാര്‍ക്കെറ്റു  ചെയ്യാന്‍  ഒരുങ്ങിത്തിരിച്ച  കാന്തപുരം  മുസ്ലിയാര്‍   വരുത്തിവെച്ച  ബഹളങ്ങള്‍  അത്രപ്പെട്ടന്നൊന്നും  കെട്ടടങ്ങാന്‍  പോവുന്നില്ല.   തിരുകേശ  വിവാദം  തനിക്കു   ചാര്‍ത്തിത്തന്ന  മോശം  പ്രതിച്ചായ എങ്ങനെയെങ്കിലുമൊന്നു  മായ്ച്ചുകളയാന്‍   ആവതു മെനക്കെടുന്ന  കാന്തപുരത്തിന്,  സഖാവ്  പിണറായി വിജയന്‍ ഒരുപിടിവള്ളി ഇട്ടു കൊടുത്തു രംഗം വീണ്ടും സജീവമാക്കുന്നു.....?! 
                              
                                ഏതു മുടിയും  കത്തിച്ചാല്‍ കത്തുമെന്നാണ് സ്വന്തം മുടിയില്‍ നിന്നും ഒരെണ്ണം പൊക്കിപ്പിടിച്ച് സഖാവ് ആണയിട്ടിരിക്കുന്നത് . ഇപ്പോഴത്തെ പ്രതേക സാഹചര്ര്യത്തില്‍     പിണറായി  ഉദ്ദേശിച്ചത്   പന്ന്യന്‍ രവീന്ത്രന്റെ   മുടിയാണെന്ന്  ആദ്യ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും  അത്   ദോഷൈകദൃക്കുകളുടെ  പ്രചാരണമാണെന്നും   സഖാവ് ഉദ്ദേശിച്ചത്  കാന്തപുരത്തിന്റെ  മുടിതന്നെയാണെന്നും  പിന്നീട് AKG  സെന്ററില്‍  നിന്നും സ്ഥിരീകരണമുണ്ടായി...!    ഇത്തരം കാര്യങ്ങളൊക്കെ  അല്പമെങ്കിലും വായ തുറന്നു പറയാന്‍ കഴിയുന്നത്‌  ചെങ്കൊടി കയ്യില്‍പിടിച്ചവര്‍ക്കാണല്ലോ. 

           കാന്തപുരമാവട്ടെ ഇതൊരു  ആശ്വാസ വചനമായിട്ടാണ് കണ്ടിരിക്കുന്നത്. ഏതായാലും കാന്തപുരത്തിന്റെ മുടി മുക്കിയ വെള്ളം കുടിക്കാനായിട്ട്   സഖാക്കളൊന്നും  വരില്ലാന്ന് കാന്തപുരത്തിന് നേരത്തെ അറിയാം . അപ്പൊ പിന്നെ അവുടെ മുന്നില്‍ മുടി കത്തിക്കാന്‍ പോയിട്ട്  ഒരു  ദിനേശ്  ബീഡി കത്തിക്കാന്‍ പോലും കാന്തപുരം  തീപെട്ടി  ഉരസില്ല....!! പാര്‍ട്ടിയുടെ സെക്രട്ടറി സ്ഥാനം വീണ്ടും കയ്യില്‍വെച്ചു  പാര്‍ട്ടി  കോണ്‍ഗ്രെസ്സിനൊരുങ്ങുന്ന  സഖാവ്  പിണറായി  മതങ്ങളെ നോട്ടമിട്ടു  കറങ്ങുന്നുണ്ട് ..  തന്നെക്കൊണ്ടാവുന്നതൊക്കെ പയറ്റിനോക്കി  മതത്തില്‍ ശുദ്ധികലശം നടത്തുകയാണ് ലക്ഷ്യം..  സാക്ഷാല്‍ യേശു ക്രിസ്തുവാണല്ലോ   ഇപ്പൊ ഗുരു ....?!

                          പക്ഷെ മതത്തില്‍  കയ്യിട്ടാല്‍ ആ കൈ ഒടിക്കാന്‍  ഒട്ടും താമസം ഉണ്ടാകില്ലെന്ന് കാന്തപുരം തിരിച്ചടിച്ചു.  കഴിഞ്ഞ രാത്രി  "ഇശാ"  നമസ്കാരത്തിന്റെ  നേരത്ത് പിണറായി പറഞ്ഞ വാചകത്തിന് ഇന്ന്  സുബഹിക്കുതന്നെ  മറുപടി കൊടുത്താണ്  ഉസ്താത്  തന്റെ  നിലപാട്  വ്യക്തമാക്കിയിരിക്കുന്നത് .. ..!    അതിനിത്ര  ആവേശം കാണിക്കുന്നത് കാണുമ്പോള്‍ തന്നെയറിയാം ഉസ്താത്   ഒരു    "ടോയിലെറ്റ് "  കാണാന്‍ കാത്തിരിക്കുകയായിരുന്നു ഓടിക്കയറാനെന്നു ; അത്രയ്ക്ക് കലശലായ ബുദ്ധിമുട്ടിലായിരുന്നു ഉസ്താത് ...!!  ഇനി ഈ  വിഷയം  എങ്ങനെയെങ്കിലും വഴി തിരിച്ചുവിട്ടു  ചര്‍ച്ചകള്‍   മുഴുവന്‍ സഖാവിനു മതത്തില്‍ വല്ല അഭിപ്രായവും പറയാന്‍ അവകാശമുണ്ടോ എന്ന  തലത്തിലേക്ക്  എത്തിക്കാക്കാനുള്ള  പിടിവള്ളിയായിട്ടാണ്  കാന്തപുരം ഇതിനെ കാണുന്നത് . അതിനിടക്ക് " തന്റെ മുടി " വിഷയം   കുറച്ചു ആളുകളെങ്കിലും മറന്നു കിട്ടട്ടെ എന്ന തികച്ചും  " ന്യായമായ "  ആഗ്രഹമാണ്  അദ്ദേഹത്തിനുള്ളത് .  

                             മതത്തില്‍ അഭിപ്രായം പറയാന്‍ രാഷ്ട്രീയക്കാര്‍ക്ക്  ഒട്ടും അവകാശമില്ല  എന്ന കാന്തപുരത്തിന്റെ   നിലപാട്  പുതിയതൊന്നുമല്ല .. ഈ വിഷയം ഇതിനു മുന്‍ബും പലതവണ ചര്‍ച്ചയായതാണല്ലോ.    ഈ ചര്‍ച്ച  വന്നാല്‍ ആരൊക്കെ  ഏതൊക്കെ  ചേരിയില്‍  നിലയുറപ്പിച്ചു വാചകമടിക്കും   എന്നുള്ളത്   നേരത്തെ  എല്ലാവര്‍ക്കും അറിവുള്ളതാണ് .   "മുടി "  വിവാദത്തില്‍  കാന്തപുരത്തെ  വെട്ടിലാക്കിയ  " സകല മൊല്ലമാരും "    മതത്തില്‍  രാഷ്ട്രീയം ഇടപ്പെട്ടാല്‍  ഒരേ  പ്ലാറ്റ്ഫോര്‍മില്‍  ഉണ്ടാവും .  മൊല്ലമാര്‍  മാത്രമല്ല   സ്വാമിമാരും  മെത്രാപ്പോലീത്തമാരും   ഈ  വിഷയത്തില്‍  പിണറായി  വിജയന്  നേരെ  നാല്  തെറിപറഞ്ഞാല്‍   അതിന്റെ ക്രെടിറ്റ്‌  ഉസ്താതിനു ചാര്‍ത്തിക്കൊടുക്കാന്‍ ആളുണ്ടാവുമിവിടെ ..  
         ഇനി  ആരെങ്കിലും  മൗനം  പാലിച്ചാല്‍   ആ  ഒഴിവിലും ഒരു  ഗോളടിക്കുവാന്‍  അറിയുന്നവനാണ്  കാന്തപുരം .  അത് കൊണ്ട് തന്നെ   " മുടി "  വിഷയത്തില്‍   ഉസ്താതിനെ വട്ടം കറക്കിയവരും   പിണറായിയുടെ   മതത്തിലുള്ള   കയ്യേറ്റത്തിനെതിരെ   പ്രതികരിക്കാന്‍  നിര്‍ബന്ധിതരാവും .   തത്വത്തില്‍   അത്തരത്തിലുള്ള  ഒരു താല്‍കാലിക  ഐക്യകൂട്ടത്തിലെങ്കിലും ഒരു   ഇടം  കിട്ടട്ടെ   എന്നായിരിക്കും   കാന്തപുരം  ഇപ്പൊ  ആഗ്രഹിക്കുന്നത് .  അത് കൊണ്ടുതന്നെയാണ്   ഇപ്പൊ കിട്ടിയ ഈ പിടിവള്ളിയില്‍  കാന്തപുരം തൂങ്ങി കിടക്കുന്നത് നാം കാണേണ്ടി വന്നത് . 
                  കാന്തപുരത്തിന് ഈയൊരു സഹായം പിണറായി അറിഞ്ഞു ചെയ്തുകൊടുത്തതാവാനും  വഴിയുണ്ട് . അങ്ങനെയങ്ങ്  കൈവിട്ടുപോവാന്‍  പറ്റുന്ന ബന്ധമാല്ലലോ  ഉസ്താതിനും സഖാവിനും ഉള്ളത് ....?!