Thursday, 7 November 2013

പാളയം വിവാഹത്തിലെ വർത്തമാനങ്ങ ൾ

                             

                                               ഇസ്ലാം അനുവദിച്ച രണ്ടും അതിൽ കൂടുതലും വിവാഹമാവാമെന്ന സത്യത്തെ അഭിമാനത്തോടെ അംഗീകരിക്കാനോ നടപ്പിൽ വരുത്താനോ ധൈര്യം കാണിക്കുന്നവനല്ല ഇന്നത്തെ കേരള മുസ്ലിം ..തിരുവനന്തപുരം പാളയം പള്ളിയിലെ   മങ്കട മൗലവിയുടെ   കാര്യത്തിലും സംഭവിച്ചത് അത് തന്നെ . കേരള മുസ്ലിം നേതൃത്ത്വത്തിലെയും , പ്രബോധകരിലേയും  പലരും  ഇന്ന് ഇത് പോലെ വളരെ സ്വകാര്യമായി രണ്ടാം കെട്ട് കെട്ടുന്നവരാണ് ...! ഒന്നാം കെട്ടിന്റെ കാര്യത്തിൽ ഇവർ കാണിക്കുന്ന പ്രകടനപരത  ആരും രണ്ടാം കെട്ടിൽ കാണിക്കുന്നില്ല എന്നത് വിചിത്രമാണ് ...?! ഭാര്യമാർക്കിടയിൽ നീതി പുലർത്താൻ കഴിയും എന്ന് ഉറപ്പുള്ളവൻ മാത്രമേ രണ്ടാം കെട്ടിന് പോകാവൂ എന്നത് മതം പ്രത്യേകം ഓർമ്മപ്പെടുത്തിയുണ്ടത്രെ . ഒന്നാം നിക്കാഹിന്റെയന്ന് നട്ടുച്ചക്ക് വിളമ്പിയ കോഴി ബിരിയാണിയുടെ ഉഷാറൊന്നും രണ്ടാം കെട്ടിന് " അസറിന്റെ " നേരത്തൊ , ഇഷാന്റെ ശേഷമോ വിളമ്പുന്ന "എഗ്ഗ് പപ്സിനും " "അമൂല്യ " യുടെ ചായക്കൊ കിട്ടില്ല ...! അത് തന്നെ ഒരർത്ഥത്തിൽ  രണ്ടാം വിവാഹത്തിലെ നീതികേടാണു . സ്വകാര്യ ജീവിതത്തിൽ ഇവരൊക്കെ സ്വന്തം ഇണകളോട് എത്രത്തോളം നീതി പുലർത്തുന്നവരാണെന്നത് അവർക്ക് മാത്രം അറിയുന്ന കാര്യവുമാണ് .

                                  പതിനാറാം വയസ്സിൽ കല്യാണത്തിനു അനുമതി കിട്ടാൻ സമുദായ നേതൃത്വം വഴിനോക്കുന്ന ഇക്കാലത്ത് ഇത്തരം സ്വകാര്യമായ രണ്ടാം വിവാഹങ്ങൾ ചർച്ചക്ക് വരുന്നത് അലോസരമാണ് . പ്രണയത്തിൽ 
പെട്ടുപോവുന്ന കൗമാരക്കാരെ രക്ഷപ്പെടുത്താനാണ് പതിനാറിലെ വിവാഹത്തെ സാധൂകരിക്കാൻ നോക്കുന്നത് എന്ന സമുദായ നേതൃത്വത്തിന്റെ വാദത്തെ ഇഷ്ട്ടപ്പെടാം . ഇത് പ്രണയക്കുടുക്കിൽ കുടുങ്ങിയ മക്കളെയോർത്ത് വിഷമിക്കുന്ന രക്ഷിതാക്കൽക്കും , അതിലുപരി പ്രണയിതാക്കൾക്കും ആവേശവും ആശ്വാസവും നൽകുന്ന നീക്കവും മതത്തിന്റെ ധാർമ്മിക  കെട്ടുറപ്പിനെ ബലപ്പെടുത്തുന്നതുമാണ് . 

                         പക്ഷെ, രണ്ടാം കെട്ട് ഈ ഗണത്തിൽ പെടുന്നതല്ലാലോ .. ഇതിനു മതപരവും നിയമപരവുമായ സാധൂകരണം നേരത്തെയുണ്ട് . പക്ഷെ ഇല്ലാതെ പോയത് സമുദായമിപ്പോഴും രണ്ടാം കെട്ടിനെ  ഒരു രണ്ടാംകിട പരിപാടിയായി കാണുന്നു എന്നതാണു ...! പ്രണയിക്കുന്നവർക്ക് പതിനാറിൽ നിക്കാഹാവാം എന്ന് പറയുമ്പോൾ അൻപത് കഴിഞ്ഞവർക്കും അത് നാം വകവെച്ചു കൊടുക്കേണ്ടതല്ലേ ...? പ്രണയമെന്നത് അനിർവചനീയമായ ഒന്നാണെന്നാണ് ഇന്നത്തെയും എന്നത്തേയും അനുഭവം ; അതിനു പ്രായമോ കാലമോ  വിവരമോ വിവേകമോ ഒരു മാനദണ്ഡമല്ലത്രെ ...! പിന്നെന്തിനു നാം മങ്കട മൗലവിക്കു നേരെ വിരൽ ചൂണ്ടുന്നു ...?

                      ഇവിടെ വിമർശിക്കപ്പെടേണ്ടത്  പെണ്‍വിഷയം പൊങ്ങി വരുന്നേരം  അത് കൈകാര്യം ചെയ്യുന്നതിൽ മുസ്ലിം സമുദായം പലപ്പോഴും അതിന്റെ നേതൃത്വിന്റെ അറിവോടേയും , പിന്തുണയോടേയും ചെയ്തു വരുന്ന ഗുരുതരമായ പകപോക്കലുകളും ആരോപണ ബഹളങ്ങളുമാണ് . ഇത്തരം വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിലെ ഗൗരവവമായ മാന്യത പഠിപ്പിച്ച മതത്തിന്റെ ആളുകളായിട്ടുള്ളവർ പലപ്പോഴും അത്തരം അധ്യാപനങ്ങൾ സ്വീകരിക്കാൻ മടികാണിക്കുന്നത് കാണാം . പ്രമുഖ വ്യക്തികളെ കേന്ദ്രീകരിച്ച്  കഴിഞ്ഞ കാലങ്ങളിൽ ഉയർന്നു വന്ന പല സ്ത്രീ  വിഷയങ്ങളും കൈകാര്യം ചെയ്തപ്പൊ സംഘടനാ വിദ്വേഷത്തിന്റെ മൂർച്ചയിൽ പരമാവധി അലങ്കാരപ്പെടുത്തി പ്രചരിപ്പിക്കാൻ നേതൃത്വം കൊടുത്തവരാണ് ജമാഅത്തെ ഇസ്ലാമിയും അവരുടെ പത്രമായ "മാധ്യമവും " എന്നത് ആരും മറന്നിട്ടില്ല . സമുദായ ഐക്യത്തിന്റെ വ്യാജ സന്ദേശം മുഖത്തൊട്ടിച്ചുവെച്ച് സകല പിന്തിരിപ്പൻ തമ്മിലടികൽക്കും ഊ ർജ്ജം പകരുന്ന വ്യാജ വാർത്തകൾക്ക്  മഷി പുരട്ടുന്ന ആളുകളാണു ജാമഅത്തുകാരും അവരുടെ പത്രമായ മാധ്യമവും.  സ്വന്തം നേതാവായ പാളയം ഇമാമിന് നേരെ വാർത്ത വന്നപ്പൊ അത് മുക്കാൻ   അവർ കാണിച്ച മിടുക്ക് ഈ സമുദായത്തോട് മുന്നെ ചെയ്തിരുന്നെങ്കിൽ ഒരുപാട് ചീഞ്ഞു നാറുന്ന അഴുക്കുകൾ പേറി നടക്കുന്നതിൽ നിന്നും സമുദായം രക്ഷപ്പെടുമായിരുന്നു .

                                  ഈ വിഷയവുമായി ബന്ധപ്പെട്ട് സ്വാമി വിശ്വഭദ്രാനന്ദ സ്വാമിയുടെ ലേഖനം കഴിഞ്ഞ ദിവസം  പ്രസിദ്ധീകരിക്കാൻ   "വർത്തമാനം " പത്രത്തിനു  കഴിഞ്ഞു .. സമുദയത്തിനിടയിലെ " കുത്തിത്തിരുപ്പുകളിൽ തങ്ങളാലാവുന്ന ജോലികൾ മുന്പ് ചെയ്തിട്ടുണ്ടെങ്കിലും " വർത്തമാനാം" ചെയ്തത് നല്ലൊരു ചുവടുവെപ്പാണ് .ഈയൊരു ശീലം  സ്റ്റേജ് കെട്ടി വിളിച്ചു പറയുന്നവരും  മഷി നിരത്തി എഴുതി വിടുന്നവരുമായ "മാധ്യമമടക്കം" സകല സമുദായ സംരക്ഷകർക്കും  പഴറ്റി നോക്കാവുന്നതാണ് .     

Thursday, 14 February 2013

പുലഭ്യം വായിക്കുന്ന വാർത്താ ചാനലുകൾ.

  
                                   മലയാളിയുടെ സാമൂഹ്യബോധം സദാ ഉദ്ധരിച്ച് നിൽക്കുന്നതിന്റെ ഫലമാവാം പേറുനിർത്താത്ത വാർത്താ ചാനലുകൾ. അടിക്കടി പുതിയ വാർത്താ ചാനലുകൾ പുറത്തിറങ്ങുന്നത് മലയാളിയുടെ ഈയൊരു ഉദ്ധാരണത്തിന്റെ ശേഷിയെ സൂചിപ്പിക്കുന്നു.മണിക്കൂറുകളുടെ ഇടവേളകളിൽ കോട്ടും സാരിയും, ചിലരിപ്പോൾ തട്ടവുമിട്ടും വാർത്തകൾ വായിക്കുന്നു. പ്രേക്ഷകന്റെ അഭിമാനം വിലക്കുവാങ്ങി പുലഭ്യം വായിക്കുന്ന തരംതാണ വാർത്ത ചാനലുകളായി ഇന്നത്തെ മലയാളം ചാനലുകൾ മാറിക്കഴിഞ്ഞിരിക്കുന്നു.

                              ന്യൂസ് ഡസ്കിനു മുകളിൽ കമഴ്ന്നു കിടക്കാന്മാത്രം അറിയുന്ന ചില " പിള്ളേരാണു " ഇന്നത്തെ പല ചാനലുകളുടേയും തലപ്പത്തിരിക്കുന്നതത്രെ. മാധ്യമ ധർമ്മം എന്നൊന്നില്ല എന്നതാണു ഇവരുടെയൊക്കെ സാമാന്യ വിവരം എന്നുള്ളത് കഴിഞ്ഞ ദിവസം ഒരു ചീഫ് എഡിറ്റർ തെളിയിക്കുകയുണ്ടായി. അങ്ങനെയൊന്നു ഉണ്ടെങ്കിൽ തന്നെ അതിനൊപ്പിച്ച് നിൽക്കാൻ ഇന്നത്തെ സാഹചര്യത്തിൽ സാധ്യമല്ല എന്നുള്ളത് മറ്റൊരു മാധ്യമ മേധാവിയുടെ തുറന്നു പറച്ചിൽ. ഇതൊക്കെ കേട്ടിരിക്കാനും, കണ്ടിരിക്കാനും വിധിക്കപ്പെട്ട പ്രേക്ഷകന്റെ കാര്യത്തിൽമാത്രം ഒരു നീക്കുപോക്കുമ്മില്ല.

                പഴകിപ്പുളിച്ച വല്ല സ്ത്രീപീഠന കഥകളുണ്ടെങ്കിൽ പൊടിതട്ടിയെടുത്ത് കിട്ടാവുന്നേടത്തോളം മസാല ചേർത്ത് സദ്യയൊരുക്കാനാണു ഇന്നത്തെ മത്സരം. പല ചാനലുകളും ഈ വിഷയങ്ങളിൽ ഒരുപാട് നൈപുണ്യമുള്ളവരുമത്രെ. തങ്ങളുടെ ചാനലിനൊരിടം കിട്ടാനായി പ്രേക്ഷകന്റെ മുഖത്തുനോക്കി പുലഭ്യം വായിക്കുന്ന ഇത്തരം ചാനലുകാരുടെ തോന്ന്യാസങ്ങളിൽ സഹികെട്ട് പലരും ടെലിവിഷൻ തള്ളിപ്പൊളിക്കാത്തത് അതു സ്വന്തം കീശയിലെ പൈസയാണല്ലോയെന്നോർത്താണു. പലസുപ്രധാന വിഷയങ്ങളും മാറ്റിവെച്ച് എല്ലാ ചാനലുകാരും ഏതെങ്കിലുമൊക്കെ പെണ്ണുകേസിന്റെ പുറകിലാണു ക്യാമറയും തൂക്കിയോടുന്നത്.

                          ഒളികേമറയിൽ കേമത്തരം കാണിക്കുന്ന ആഭാസന്മാർ മാധ്യമ പാര്യമ്പര്യത്തിനും , ധാർമ്മികതക്കും കൊലക്കത്തി നീട്ടിവെച്ചവരാണു. കഴിഞ്ഞ ദിവസം ഒരു മുൻ ജഡ്ജിയുമായി സംസാരിക്കാൻ ചെന്ന ചാനൽ സുന്ദരിയോട് സംസാരിക്കാൻ താൽപര്യമില്ലെന്നും ക്യാമറ ഓഫ് ചെയ്തോളു എന്നും പറഞ്ഞ് പേഴ്സണലായിപ്പറഞ്ഞ അഭിപ്രായത്തെ മഹാഅപരാധമായി ചിത്രീകരിക്കുന്നത് കണ്ടു.കോലിളക്കം സൃഷ്ട്ടിച്ച സൂര്യനെല്ലിപീഠനക്കേസിലെ ഹൈക്കോടതിവിധിയിൽ ഒപ്പുവെച്ച അന്നത്തെ ജഡ്ജിക്ക് ഇപ്പോഴും അതേനിലപാടാണു എന്നതാണു നമ്മുടെ മാധ്യമ പണ്ഡിതരുടെ പുതിയ കണ്ടെത്തൽ. നേരെചൊവ്വെ പറഞ്ഞാൽ തങ്ങളിപ്പോൾ കണ്ടെതിയത് പുതുതായ ഒന്നുമല്ല എന്ന തിരിച്ചറിയാൻ മാത്രം ബോധമില്ലാത്തവാരായോ ഇവരൊക്കെ. അതുമല്ലെങ്കിൽ ജനം എപ്പോഴും ഞങ്ങളുടെ വാദങ്ങളെ തലകുലുക്കി ഏറ്റെടുക്കുമെന്ന ബോധം അവരെ വലയം ചെയ്തതുകൊണ്ടാണോ..? അന്നത്തെ വിധിയിലേക്കെത്തിച്ച വിലയിരുത്തലുകളിൽ ഉറച്ചു നിന്നു എന്നതാണു ജസ്റ്റിസ് ബസന്ത് സ്വന്തം മനസ്സ്സാക്ഷിയോട് ചെയ്ത ശരി. അഭിപ്രായം പറയാനും , പറയാതിരിക്കാനും ആരെയുമ്പോലെ ഒരോരുത്തർക്കും അവകാശം വേണമല്ലോ.

                  കേരളം ഒരുപാടാഘോഷിച്ച മറ്റൊരു പീഢനകഥയാണു കോഴിക്കോട് ഐസ്ക്രീംപാർലർ പെൺവാണിഭം. പല ചാനൽ മുതലാളിമാരുടെ വീട്ടിലെ അടുപ്പിൽ പുകയുയരുന്നതിപ്പോഴും ഈ കേസിന്റെ ചവറുകൾ കത്തിച്ചുകൊണ്ടാണു. ഈ കേസിലെ ഇരകൾ അന്നനുഭവിച്ച പീഢനത്തിന്റെ എത്രയോ മടങ്ങാണു അവരിപ്പോൾ പലരുടേയും കയ്യിലെ പാവകളായി കളിച്ചുകൊണ്ടിരിക്കെ അനുഭവിക്കുന്നത്. സ്വന്തം വ്യക്തിത്വത്തെ പണത്തിന്റെ പകരത്തിനു മറ്റുള്ളോർക്കു വിട്ടുനൽകിയ ചിലർ സ്ത്രീപീഢനത്തിന്റെ ആനുകൂല്യത്തിനു അർഹരാണോയെന്നത് വേറെകാര്യമാണു...? നോട്ടുകെട്ടിന്റെ തൂക്കംനോക്കി കോടതിമുറിയിൽ പരാതിക്കടലാസിലെ വരികളികളിൽ ഇവർ വാക്കുകളെ മാറ്റുന്നു. ഇതൊക്കെ ലൈവാക്കി നിർത്തി പ്രേക്ഷകലോകത്തെ പരിഹസിക്കുന്ന "ബ്രേക്കിംഗ് ന്യൂസുകൾ" വീണ്ടും വീണ്ടും പിറക്കുന്നു....! ഒരു നേരിയസുഖത്തിനു വേണ്ടി പലരും പണ്ടെപ്പോഴൊ ചെയ്തുപോയ തോന്ന്യാസത്തിനു ബലിനൽകേണ്ടതാണൊ വിലപ്പെട്ട സമയങ്ങൾ. ഒരു രാജ്യത്തിന്റെയും സമൂഹത്തിന്റെയും ഉയർച്ചക്കും നന്മക്കും വഴിതെളിയിക്കുന്ന വിളക്കായി പ്രകാശിക്കേണ്ടുന്ന മാധ്യമങ്ങൾ വ്യക്തിഹത്യകളിലും , പകപോക്കലുകളിലും പങ്കാളികളായി തങ്ങളുടെ നിലനിൽപ് ഭദ്രമാക്കാൻ പണിയെടുക്കുന്നത് കണ്ടിരിക്കാൻ മാത്രം വിധിക്കപ്പെട്ടവരായി നാം പ്രേക്ഷകർ ആയിക്കൂടാ. മാധ്യമങ്ങളെ ബാധ്യത മറക്കാത്തവരായി നിലനിർത്തേണ്ടുന്ന ആവിശ്യകത നാം പ്രേക്ഷകർക്കാണുള്ളത്.

              പലരുടേയും സംസാരങ്ങളിലും , പ്രവർത്തികളിലും വന്നുപോവുന്ന നേരിയ തെറ്റുകളെയും, പോരാഴ്മകളേയും പെരുപ്പിച്ചുകാണിച്ച് കൂലങ്കശമായ ചർച്ചകൾ നടത്തി സമൂഹമത്തിനിടക്കു കോലാഹളങ്ങളും അരക്ഷിതാവസ്ഥയും സൃഷ്ടിക്കുകയാണു മാധ്യമങ്ങൾ. ദേശീയ ചാനലുകളെ അപേക്ഷിച്ച് മലയാളം ചാനലുകൾ ഇത്തരം കാര്യങ്ങൾക്ക് വളരെ മുന്നിൽനിൽക്കുകയാണു. രാജ്യത്തെ അവശതയനുഭവിക്കുന്നവരുടെ ശബ്ദം ഏറ്റടുക്കാനോ, മർദ്ദിതരുടെ വേദനയേറ്റടുക്കാനോ ഇവിടെ മാധ്യമങ്ങളില്ല. രാജ്യപുരോഗതിക്ക് കാരണാമാവേണ്ടുന്ന കാഴ്ച്ചകൾ ചാനൽ ക്യാമറയിൽ പതിയുന്നില്ല. പകരം ഭരണക്കാരെ എങ്ങനെ താഴെയിറക്കാം , താഴെയുള്ളവനെ എങ്ങനെ മേലെകയറ്റാം എന്ന ചിന്തയാണെപ്പോഴും. ഇനി സ്വസ്ഥ്മായി ഒരാളെ വല്ലതും ചെയ്യാനുമനുവദിക്കില്ല. പഴയ വല്ല സുന്ദരികളുമായി പൊതിഞ്ഞുവെച്ച മസാലകൾ കെട്ടഴിച്ചുവിടാൻ അപ്പോളുമെത്തൂം ഈ ചാനൽ കൂട്ടങ്ങൾ. കൊലയാളിയെ താരമാക്കാനും, മോഷ്ട്ടാവിനെ മിടുക്കനാക്കാനും ഇവർ മത്സരിക്കും. വല്ലതും എതിർത്താൽ എതിർത്തവനെ ന്യൂസ് അവറിലിട്ട് നാറ്റിക്കും.. എന്നിട്ട് ഒന്നും കേൾക്കുന്നില്ലാന്ന് മൂന്നുവട്ടം വിളിച്ചുപറഞ്ഞ് ഷോർട്ട് ബ്രേക്കിട്ട് മൂത്രമൊഴിക്കാനെണീക്കും. അതാണു നമ്മുടെ ചാനൽ എഡിറ്റർ.

  ജനാധിപത്യത്തിന്റെ നെടുംതൂണാണു മാധ്യമങ്ങൾ;ഇന്നത്തെ മാധ്യമങ്ങൾ പക്ഷെ തങ്ങളുടെ കടമ മറക്കുന്നു.. വാർത്തകൾ സൃഷ്ട്ടിക്കുന്നതിൽ വിജയിക്കുന്ന ചാനലിനേക്കാൾ നാം ആഗ്രഹിക്കേണ്ടത് വാർത്തകളെ സ്നേഹിക്കുന്ന ചാനലുകളെയാവട്ടെ.